ആഗോള അയ്യപ്പ സംഗമം; നടത്തിപ്പുകാരായ ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്; തുക പോരെന്ന് കമ്പനി

news image
Apr 27, 2026, 5:53 am GMT+0000 payyolionline.in

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിപ്പുകാരായ ഊരാളുങ്കലിന് 55 ലക്ഷം കൂടി കൈമാറി ദേവസ്വം ബോർഡ്. സ്‌പോൺസർഷിപ്പായി ലഭിച്ച തുകയിൽ നിന്നാണ് 55 ലക്ഷം രൂപ കൈമാറിയത്. 1.06 കോടി രൂപയാണ് ഇനി കൈമാറാനുള്ളത്. ബാക്കി തുക സ്‌പോൺസർഷിപ്പ് തുക കിട്ടിയ ശേഷം മാത്രമായിരിക്കും കൈമാറുക. സംഗമത്തിന്റെ ചെലവിനത്തിൽ ഇതുവരെ നൽകിയത് 3.69 കോടി രൂപയാണ്. അതേസമയം തുക പോരെന്ന നിലപാടിലാണ് ഊരാളുങ്കൽ സൊസൈറ്റി. ചെലവായ ഏഴ് കോടിയും കിട്ടണമെന്നാണ് കമ്പനിയുടെ നിലപാട്.

പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടന്നിട്ട് ഏഴ് മാസം പിന്നിട്ടു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. പരിപാടി സംഘടിപ്പിക്കുന്നതിനും പ്രതിനിധികൾക്കുള്ള താമസം, ഭക്ഷണം, ഗതാഗതം എന്നിവ ഏർപ്പെടുത്തുന്നതിനും മറ്റുമുള്ള ഇവന്റ് മാനേജ്മെന്റ് പ്രവർത്തനങ്ങൾക്കായി കൊല്ലം ചവറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തെയായിരുന്നു ഏൽപ്പിച്ചിരുന്നത്.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ചെലവഴിച്ച തുക സ്പോൺസർഷിപ്പിലൂടെ ലഭിച്ചതിനെക്കാൾ കൂടുതലാണെന്ന് ഓഡിറ്റിങ്ങിൽ വ്യക്തമായെന്നും ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഓഡിറ്റ് സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ്സായിരുന്നു അയ്യപ്പ സംഗമത്തിന്റെ വരവുചെലവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയത്. ഇത് പരിശോധിച്ച ശേഷമാണ് കോടതി ബോർഡ് ഇക്കാര്യത്തിൽ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 20നാണ് ആഗോള അയ്യപ്പ സംഗമം നടന്നത്. ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തിയ സംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ആഗോള അയ്യപ്പ സംഗമത്തെ യുഡിഎഫും ബിജെപിയും ശക്തമായി എതിർത്തിരുന്നു. രാഷ്ട്രീയ നേട്ടം മാത്രമാണ് അയ്യപ്പ സംഗമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാതെ സഹകരണമില്ലെന്നായിരുന്നു യുഡിഎഫ് പറഞ്ഞത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe