അർജുന്റെ ലോറി മണ്ണിടിച്ചിലുണ്ടായ സ്ഥലം കടന്നുപോയിട്ടില്ല; നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

news image
Jul 22, 2024, 7:51 am GMT+0000 payyolionline.in

കാർവാർ (കർണാടക): ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അർജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചു. ലോറി, മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. വാഹനം പുഴയിലുണ്ടാകുമെന്നാണ് നിഗമനം. അർജുന്റെ വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്നും കലക്ടർ പറഞ്ഞു. സ്ഥലത്തിന്റെ മുൻ ചിത്രങ്ങൾ ഐഎസ്ആർഒയിൽനിന്ന് ലഭിക്കും. പുഴയിലെ പരിശോധനയ്ക്ക് കൂടുതൽ ഉപകരണങ്ങൾ നാവികസേന എത്തിച്ചു. ലോറിയോടൊപ്പം മണ്ണിനടിയിലായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലും തുടരുകയാണ്.

150 അടിയോളം ഉയരത്തിൽനിന്ന് മണ്ണ് ഇടിഞ്ഞുനിരങ്ങി താഴേക്ക് വന്നപ്പോൾ ലോറിയും മണ്ണിനൊപ്പം പുഴയിലേക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ പറയുന്നു. ടൺ കണക്കിന് മണ്ണ് വീണ്ടും പുഴയിലേക്ക് ഇടി‍ഞ്ഞുവീണപ്പോൾ ലോറി അടിയിൽ പെടാം. ഇവിടെ പുഴയ്ക്ക് 25 അടിയിലേറെ ആഴമുണ്ട്. പുഴയ്ക്ക് വെളിയിലേക്ക് ഉയർന്നുനിൽക്കുന്ന മൺകൂനയ്ക്ക് 30 അടിയോളം ഉയരമുണ്ടാകും. റഡാർ സിഗ്നൽ സംവിധാനം വെള്ളത്തിൽ പ്രവർത്തിക്കില്ല. അതിനാൽ കുഴിബോംബുകൾ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണങ്ങളടക്കം എത്തിക്കാനുള്ള ശ്രമം സൈന്യം നടത്തുന്നു. ഇന്നു കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചു നടത്തുന്ന പരിശോധനയിൽ ലോറി പുഴയിൽ ഉണ്ടോയെന്ന് വ്യക്തമാകുമെന്നാണു പ്രതീക്ഷ.

ഷീരൂരിൽ ഇന്നു മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണ്ണിടിച്ചിൽ ഉണ്ടായ ദിവസങ്ങൾക്ക് സമാനമായ മഴ വരും ദിവസങ്ങളിൽ ഉണ്ടാവാൻ‌ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. കോഴിക്കോട് കിണാശേരി സ്വദേശി മുബീന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. തടി കൊണ്ടുവരാനാണ് കർണാടകയിലേക്ക് പോയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe