അർജുന്റെ ലോറി പുഴയിലാകാമെന്ന് കളക്ടർ: റഡാര്‍ പരിശോധന ആരംഭിച്ച് സൈന്യം; കരയിലും പുഴയിലും പരിശോധിക്കും

news image
Jul 22, 2024, 6:31 am GMT+0000 payyolionline.in
ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിനായി റഡാര്‍ എത്തിച്ച് സൈന്യം. റഡാര്‍ ഉപയോഗിച്ച് പുഴയിലും കരയിലും തെരച്ചില്‍ നടത്താനാണ് നീക്കം. അര്‍ജുന്‍റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്‍റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വാഹനം കരയിലില്ല എന്ന കാര്യം ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് ഇവിടെ ആദ്യം പരിശോധന നടത്തുന്നത്. അതിന് ശേഷം റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തും. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്.

രാവിലെ മുതല്‍ സ്കൂബ ഡൈവേഴേ്സ് പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ​ഗം​ഗം​ഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന.  അർജുനെ കാണാതായിട്ട് ഇന്നേയ്ക്ക് ഏഴുദിവസം പിന്നിടുന്നു. ​

അര്‍ജുന്‍റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. അർജുന്റെ രക്ഷാപ്രവർത്തനത്തിനായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ  ബെഞ്ച് ഹർജി പരി​ഗണിക്കും.

അർജുനെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്ന് എംകെ രാഘവൻ എംപി വ്യക്തമാക്കി. അതേ സമയം അർജുന്റെ വാ​ഹനം പുഴയിലാകാമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി. വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും കളക്ടർ പറഞ്ഞു. അവ്യക്തമായ ചില സി​ഗ്നൽ ലഭിച്ചിട്ടുണ്ട്. എന്നാൽ അതെന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല.

മണ്ണിടിച്ചിലിന് 10 മിനിറ്റ് മുമ്പുള്ള കരയുടെ ദൃശ്യങ്ങളുടെ ചിത്രം ഇന്ന് ലഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദിക്കരയിൽ ആ സമയത്ത് ഏതൊക്കെ വാഹനങ്ങൾ നിർത്തിയിട്ടുവെന്ന് ഈ ചിത്രങ്ങളിൽ നിന്ന് അറിയാൻ സാധിക്കും. സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധനക്ക് വിധേയമാക്കിയിരുന്നു. അർജുന്റെ ലോറി സംഭവ സ്ഥലത്തേക്ക് കടന്നുവന്നു എന്ന് സിസിടിവിയിൽ വ്യക്തമാണ്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ലോറി കടന്ന് പോയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

അർജുന്റെ വാഹനം മണ്ണിനടിയിൽ ഇല്ലെന്നാണ് കർണാടക സർക്കാർ പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ചൂണ്ടിക്കാട്ടി. ഐഎസ്ആർഒയുടെ ഉപ​ഗ്രഹ ദൃശ്യങ്ങൾ പരിശോധിക്കും. എന്താണ് സാധ്യതയെന്ന് ഉദ്യോ​ഗസ്ഥർ നോക്കി വരികയാണെന്നും തെരച്ചില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe