അർജുനെ കാത്ത് കുടുംബം; ലോറി മണ്ണിനടിയിലെന്ന് സംശയിച്ച് ദൗത്യസംഘം

news image
Jul 19, 2024, 2:20 pm GMT+0000 payyolionline.in

ബെം​ഗളൂരു/കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പുരോ​ഗമിക്കുന്നു. രാത്രിയിലും അർജുന് വേണ്ടി പ്രതീക്ഷയോടെ തെരച്ചിൽ തുടരുകയാണ്. രാത്രി 9 മണി വരെ രക്ഷാപ്രവർത്തനം തുടരും. വലിയ ലൈറ്റുകൾ കൊണ്ടുവരാൻ തീരുമാനമായിട്ടുണ്ട്. ലൈറ്റുകളുടെ സഹായത്തോടെ മഴയുടെ സ്ഥിതി നോക്കിയാകും മണ്ണ് നീക്കൽ നടത്തുക. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. അർജുന്റെ ലോറി മണ്ണിനടിയിൽ കുടുങ്ങിയെന്ന സംശയത്തിലാണ് ദൗത്യസംഘം. മണ്ണിനടിയിൽ ലോറിയുണ്ടോ എന്നറിയാൻ മെറ്റൽ ഡിറ്റക്ടർ ഉപയോ​ഗിച്ചാണ് പരിശോധന നടത്തുന്നത്.

സൈന്യം കൂടി ഇറങ്ങി തെരച്ചിൽ നടത്തിയാലേ രക്ഷാദൗത്യം പൂർണ്ണമാകൂ എന്ന് അർജുന്റെ ഭാര്യാസഹോദരൻ ജിതിൽ ഷിരൂരിൽ പ്രതികരിച്ചു. കൂടുതൽ സംവിധാനങ്ങളോടെ തെരച്ചിൽ ഊർജിതമാക്കണെമെന്നും ജിതിൻ ആവശ്യപ്പെട്ടു.  കനത്ത മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അപകടം നടന്ന് 4 ദിവസമായിട്ടും ഇന്നാണ് തെരച്ചിലിന് ജീവൻ വെച്ചതെന്നും ജിതിൻ പറഞ്ഞു. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. മണ്ണ് നീക്കുക ദുഷ്കരമാണെന്നും ഇടക്കിടെ പെയ്യുന്ന മഴ അതിരൂക്ഷമായ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതേ സമയം അർജുന്റെ ലോറി നദിയിൽ ഇല്ലെന്നുള്ള വിവരം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. നേവിയുടെ ഡൈവര്‍മാര്‍ പുഴിയിലിറങ്ങി പരിശോധിച്ചുവെന്നും ലോറി കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നട ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ  പറഞ്ഞു. ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. നേവി ഡൈവര്‍മാര്‍ക്ക് പുറമെ 100 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരിക്കുന്നത്. എഡിജിപി ആര്‍ സുരേന്ദ്രയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

അനിശ്ചിതത്വത്തിന്‍റെയും തീരാസങ്കടങ്ങളുടെയും പെരുമഴയത്താണ് നാലാം ദിവസവും കൈക്കുഞ്ഞടങ്ങിയ അര്‍ജുന്‍റെ കുടുംബം. രണ്ടു ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇന്നലെ രാവിലെ ഭാര്യ കൃഷ്ണപ്രിയ വിളിച്ചപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. ഇതോടെ പ്രതീക്ഷകള്‍ മുളപൊട്ടുകയായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ചോഫ് ആയെങ്കിലും അര്‍ജുന്‍ ഉറപ്പായും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കുടുംബത്തിന് ലഭിച്ച ഉറപ്പായിരുന്നു ആ ബെല്ലടി. ഹൃദയം നുറുങ്ങുന്ന വേദനകള്‍ക്കിടിയിലും പ്രതീക്ഷ വീണ്ടും സജീവമാക്കി ഇന്ന് രാവിലെ മണ്ണിനടിയില്‍ക്കിടക്കുന്ന ലോറിയില്‍ നിന്നും വീണ്ടും അര്‍ജുന്റെ ഫോണ്‍ ബെല്ലടിച്ചു.

ഈ മാസം എട്ടിനാണ് മരത്തിന്‍റെ ലോഡ് കൊണ്ടു വരാനായി അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്. കുടുംബത്തിന്‍റെ അത്താണിയായ അര്‍ജുന്  പന്‍വേല്‍ -കന്യാകുമാരി ദേശീയപാത സുപരിചിതമാണ്. മണ്ണ് കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്. രക്ഷാപ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ തടസപ്പെട്ടെങ്കിലും പ്രതിസന്ധികളെല്ലാം മറികടന്ന് അസാധാരണ മനക്കരുത്തോടെ അര്‍ജുന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കുടുംബത്തിന്‍റെ പ്രതീക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe