അസാധാരണ നടപടിയുമായി ഗവർണ്ണർ: 9 സർവ്വകലാശാല വിസിമാരും നാളെ രാവിലെ രാജിവെക്കണം

news image
Oct 23, 2022, 12:59 pm GMT+0000 payyolionline.in

തിരുവനന്തപുരം ∙ സർക്കാരിനെതിരായ ആക്രമണം പുതിയ തലത്തിലേക്ക് ഉയർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11.30നകം രാജിവയ്ക്കണമെന്നാണ് നിർദേശം. യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്‍റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.

കേരള, എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്കൃതം,  മലയാളം എന്നീ സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. ഗവർണർക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചതിനു തൊടുപിന്നാലെയാണു ഗവർണർ കടുപ്പിച്ചത്.

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ ഡോ. എം.എസ്.രാജശ്രീയുടെ നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. 2015ലെ  സർവകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നിൽ കുറയാതെ പേരുകളുള്ള പാനലാണ് സേർച് കമ്മിറ്റി ചാൻസലർക്കു നൽകേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നൽകിയതെന്ന് കോടതി കണ്ടെത്തി.

സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണു ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക സർവകലാശാലയ്ക്കു പുറമേ സംസ്ഥാനത്തെ മറ്റ് 5 സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിച്ചതും പാനൽ ഇല്ലാതെയാണ്. കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രമാണ് സേർച് കമ്മിറ്റി ശുപാ‍ർശ ചെയ്തിരുന്നത്. ഇവരി‍ൽ സംസ്കൃതം, ഫിഷറീസ് ഒഴികെയുള്ള വിസിമാരെ നിയമിച്ചതു മുൻ ഗവർണർ പി.സദാശിവം ആയിരുന്നു.

ഗവർണറുടെ അടുത്തിടെയുള്ള നടപടികൾക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാർ ഗവർണറെ ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗവർണർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്. കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ സേർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല തയാറായില്ല. ഇതേതുടർന്ന് 15 സെനറ്റ് അംഗങ്ങളെ ഗവർണർ നീക്കിയിരുന്നു. ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe