ബെംഗളൂരു ∙ മധ്യവയസ്കനെ അശ്ലീല വിഡിയോ കോളിൽ കുടുക്കി സെക്സ് റാക്കറ്റ് തട്ടിയെടുത്തത് 6.8 ലക്ഷം രൂപ. കർണാടക മുൻ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി (ഒഎസ്ഡി) ജോലി ചെയ്തിരുന്നയാളെയാണു തട്ടിപ്പിന് ഇരയാക്കിയത്. മല്ലേശ്വരം സ്വദേശിയായ ഇദ്ദേഹം പൊലീസിൽ പരാതി നൽകിയെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു സംഭവം. ശുചിമുറിയിൽനിന്നു പുറത്തുകടക്കുമ്പോൾ മൊബൈൽ ഫോണിലേക്ക് ഒരു വിഡിയോ കോൾ വന്നു. കോൾ എടുത്തതും മറുഭാഗത്തുണ്ടായിരുന്ന സ്ത്രീ നഗ്നത പ്രദർശിപ്പിച്ചു. രണ്ടു പേരുടെയും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്തു. പിന്നീട്, മറ്റൊരു നമ്പരിൽനിന്നു വിളി വന്നു. ഹിന്ദി വാർത്താചാനലിൽ നിന്നുള്ള മഹേന്ദ്ര സിങ് എന്ന റിപ്പോർട്ടറാണെന്നു പരിചയപ്പെടുത്തി. വിഡിയോ കോൾ വിളിച്ച് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നിങ്ങൾക്കെതിരെ ഒരു സ്ത്രീ പരാതി നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.
യുട്യൂബ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവയ്ക്കാതിരിക്കാൻ പണം നൽകണമെന്ന് സ്ത്രീ ആവശ്യപ്പെട്ടെന്നും പറഞ്ഞു. വിഡിയോ ഡിലീറ്റ് ചെയ്യാൻ വൻ തുകയാണ് ആവശ്യപ്പെട്ടത്. തന്നെ വിളിച്ചത് ദമ്പതിമാരാണെന്നും ഇവരാണ് തന്നെ കുടുക്കിയതെന്നും ഇദ്ദേഹം മനസ്സിലാക്കി. ഭീഷണിപ്പെടുത്തി സംഘം പലതവണയായി 6.8 ലക്ഷം രൂപ വാങ്ങിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണു ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.