ചെങ്ങോട്ടുകാവ്: ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതകൾക്കെതിരെയും പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിനെതിരെയും യുഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. നിർമാണം തുടങ്ങിയത് മുതൽ ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതർക്കെതിരെ ‘സമരകാഹളം’ എന്ന പേരിൽ ചെങ്ങോട്ടുകാവിൽ നിന്നും പൊയിൽകാവിലേക്ക് ഹൈവേ മാർച്ച് നടത്തി.
നിർമാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ ഏറ്റെടുത്ത വാഗഡ് കമ്പനി പ്രതിനിധികൾ എന്നിവരുമായി നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും പരിഹാരമുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ആവശ്യം നേടിയെടുക്കും വരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകാൻ യുഡിഎഫ് തീരുമാനിച്ചത്.
സമരകാഹളം യുഡിഎഫ് ചെയർമാൻ ഹംസ ഹാദിയ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ സമരം ഉദ്ഘാടനം ചെയ്തു. സി.വി. ബാലകൃഷ്ണൻ, യു.വി. മനോജ്, കെ.എൻ. ഭാസ്കരൻ, സി.പി. ആലി, മുരളി തൊറോത്ത്, വി.പി. പ്രമോദ്, തസ്‌ലിന നാസർ എന്നിവർ സംസാരിച്ചു.
