തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ജ്യോതിഷി ദേവീദാസൻ. കൊവിഡിന് മുൻപാണ് ഹരികുമാർ തന്റെ അടുത്ത് ജോലി ചെയ്തിരുന്നത്. ചില മാനസിക വൈകല്യങ്ങൾ പ്രകടിപ്പിച്ചതുകൊണ്ട് താൻ പറഞ്ഞ് വിടുകയായിരുന്നു. ഹരികുമാറിന്റെ ശമ്പളം വാങ്ങാൻ വന്നിരുന്നത് അമ്മയും സഹോദരിയുമാണ്. അങ്ങനെയാണ് കുടുംബത്തെ പരിചയമെന്നും പണം വാങ്ങിയിട്ടില്ലെന്നും ദേവീദാസൻ പറഞ്ഞു.
കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെയും ദേവീദാസൻ മൊഴി നല്കി. ശ്രീതുവിനെ അവസാനമായി കാണുന്നത് ആറേഴുമാസങ്ങൾക്ക് മുൻപാണ്. അന്ന് ശ്രീതുവിന്റെ ഒപ്പം മറ്റൊരു പുരുഷനും ഉണ്ടായിരുന്നു. ഇയാൾ രണ്ടാം ഭർത്താവാണെന്നാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭർത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി എന്നും ദേവീദാസൻ പൊലീസിന് മൊഴി നല്കി. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രുതു വന്നത്. കുടുംബവുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഇല്ലെന്നും തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ദേവീദാസൻ പൊലീസിനോട് പറഞ്ഞു.
36 ലക്ഷം രൂപ കുടുംബത്തിൽ നിന്നും തട്ടിയെടുത്തെന്ന പരാതിയിലാണ് ജ്യോതിഷി ദേവീദാസനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുന്നത്. ഇയാളുടെ പക്കൽ നിന്ന് ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദേവീദാസന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. നിലവിൽ വനിതാ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കുട്ടിയുടെ അമ്മ ശ്രീതുവിനെ ഇന്നലെ എസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. അതേസമയം, റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് പൊലീസ്. തിങ്കളാഴ്ച്ചയാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യുക.