അവശ്യസാധനങ്ങളുടെ വിലക്കയറ്റം; നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

news image
Jun 14, 2023, 3:04 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികളും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി ജിആര്‍ അനിലിന്റെ നിര്‍ദേശം. വിലക്കയറ്റത്തിന്റെ തോത് ദേശീയ ശരാശരിയേക്കാള്‍ കുറവുള്ള സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തില്‍ പച്ചക്കറി ഉത്പന്നങ്ങള്‍, കോഴി ഇറച്ചി എന്നിവയുടെ വിലയില്‍ ഉണ്ടാകുന്ന വില വര്‍ദ്ധനവ് സംബന്ധിച്ച് അടിയന്തിര പരിശോധനകള്‍ നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഓരോ ജില്ലയിലേയും വിലക്കയറ്റം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരും, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും അടങ്ങുന്ന വില നിലവാര നിരീക്ഷണ സമിതി കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ജില്ലാ തലത്തിലെ ഹോള്‍സെയില്‍ ഡീലേഴ്‌സുമായി കളക്ടര്‍മാര്‍ ചര്‍ച്ച നടത്തണമെന്നും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.എല്ലാ ജില്ലകളിലും കളക്ടറുടെ നേതൃത്വത്തില്‍ വില നിരീക്ഷിക്കുന്ന സമിതി നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് പൊതുവിപണിയില്‍ വിലക്കയറ്റം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്ന ഒരു പ്രവണത കണ്ട് വരാറുണ്ട്. അതുകൂടി മുന്നില്‍ക്കണ്ടു കൊണ്ട് വില നിയന്ത്രണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe