തിരുവനന്തപുരം: തിരുനെൽവേലിക്കുസമീപം അപ്പർ കോതയാർ മുതുകുഴി വനത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്. അപ്പർ കോതയാർ അണക്കെട്ടിന് സമീപം മണ്ണിൽ കുളിക്കുന്ന അരിക്കൊമ്പന്റെ ചിത്രവും വകുപ്പ് പുറത്തുവിട്ടു. കലക്കാട് മുണ്ടന്തുറൈ കടുവാസങ്കേതത്തിലെ ഫീൽഡ് ഡയറക്‌ടറുടെ നേതൃത്വത്തിൽ ആനയുടെ സ്ഥിതി വിലയിരുത്തി. അരിക്കൊമ്പന്റെ കഴുത്തിലുള്ള റേഡിയോ കോളറിൽനിന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നുണ്ട്.
ആനയ്‌ക്ക് സമീപം മൂന്ന് കുഞ്ഞുങ്ങൾ അടങ്ങിയ പത്തംഗ ആനക്കൂട്ടം ഉണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും അരിക്കൊമ്പന് പ്രശ്‌നമില്ല. അതിനാൽത്തന്നെ പൂർണ ആരോഗ്യവാനുമാണ്. തേനിക്ക് സമീപം ജനവാസമേഖലയിൽനിന്ന് പിടിച്ച അരിക്കൊമ്പനെ ജൂൺ ആറിനാണ് കന്യാകുമാരി ജില്ലയിലെ മുതുകുഴി (അപ്പർ കോതയാർ) വനത്തിൽ തുറന്നുവിട്ടത്.