അരവിന്ദ് കെജ്‌രിവാളിന് ജാമ്യം, ജയിൽ മോചിതനാകും

news image
Sep 13, 2024, 5:39 am GMT+0000 payyolionline.in

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. ഇതോടെ കെജ്‌രിവാൾ ജയിൽമോചിതനാകും. സുപ്രീം കോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. നേരത്തേ ഇതേ കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി  ജാമ്യം അനുവദിച്ചിരുന്നു.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 21നായിരുന്നു ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം ജയിലില്‍ കഴിയുകയായിരുന്ന കെജ്‌രിവാളിന് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. മേയ് പത്തിനായിരുന്നു കെജ്‌രിവാള്‍ ജയില്‍ മോചിതനായത്. ജൂണ്‍ രണ്ട് വരെയായിരുന്നു ഇടക്കാല ജാമ്യം. ഇഡിയുടെ അറസ്റ്റിനെതിരെ ഡല്‍ഹി ഹൈക്കോടതിയെയായിരുന്നു കെജ്‌രിവാള്‍ ആദ്യം സമീപിച്ചത്. ഏപ്രില്‍ ഒന്‍പതിന് കെജ്‌രിവാളിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്ത്‌ കൊണ്ടാണ്‌ കെജ്‌രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്‌.


കസ്റ്റഡിയില്‍ ഇരിക്കെ ജൂൺ 26ന്‌ സിബിഐയും അറസ്‌റ്റ്‌ രേഖപ്പെടുത്തി. സിആർപിസി 41 എ പ്രകാരം ചോദ്യംചെയ്യാൻ അനുവാദം വാങ്ങിയ ശേഷം സിബിഐ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നെന്ന്‌ അഭിഭാഷകൻ മനു അഭിഷേക്‌സിങ്‌വി അന്ന്‌ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. സിആർപിസി 41 എയിൽ അറസ്റ്റ്‌ ആവശ്യമില്ലാത്ത ചോദ്യംചെയ്യലിനാണ്‌ അധികാരം നൽകുന്നത്‌. ഇഡി കേസിൽ ജാമ്യം ലഭിച്ചാലും കെജ്‌രിവാള്‍  പുറത്തിറങ്ങരുതെന്ന നിർബന്ധബുദ്ധിയോടെയായിരുന്നു സിബിഐ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ സെപ്‌തംബർ അഞ്ചിന്‌ വാദം കേട്ട സുപ്രീംകോടതി  വിധി മറ്റൊരു ദിവസത്തേക്ക്‌ മാറ്റി വയ്‌ക്കുകയായിരുന്നു.‌‌‌

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe