ലഖ്നോ: യു.പിയിലെ അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി. ഉച്ചക്ക് 11.30തോടെ ആരംഭിച്ച പ്രാണപ്രതിഷ്ഠാ ചടങ്ങ് 12.40ഓടെ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായ ചടങ്ങിൽ കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് മുഖ്യ കാർമികത്വം വഹിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, വാരാണസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് എന്നിവരാണ് ക്ഷേത്ര ശ്രീകോവിലിൽ പ്രവേശിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ അയോധ്യയിലേക്ക് എത്തിച്ചേർന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, കലാ-കായിക രംഗത്തെ താരങ്ങൾ, വിദേശരാഷ്ട്ര പ്രതിനിധികൾ എന്നിവരുൾപ്പെടെ പ്രത്യേക ക്ഷണിതാക്കളായ എണ്ണായിരത്തോളം പേർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം ലഭിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ് ദീപ് ധൻകർ എന്നിവർക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുത്തില്ല.
ആചാരലംഘനം ചൂണ്ടിക്കാട്ടി രണ്ട് ശങ്കരാചാര്യന്മാരും മതപരമായ പരിപാടി ബി.ജെ.പി രാഷ്ട്രീയവത്കരിച്ചെന്ന് ആരോപിച്ച് കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളും ക്ഷണം നിരസിച്ചിരുന്നു. പൊതുജനങ്ങൾക്ക് ചൊവ്വാഴ്ച മുതലാണ് ക്ഷേത്ര പ്രവേശനം അനുവദിക്കുകയെന്ന് ശ്രീരാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.ാ
1528ൽ നിർമിക്കപ്പെട്ട ബാബരി മസ്ജിദ് ബി.ജെ.പി-വി.എച്ച്.പി നേതാക്കളുടെ സാന്നിധ്യത്തിൽ 1992 ഡിസംബർ ആറിനാണ് സംഘ്പരിവാർ ആക്രമികൾ തകർത്തു കളഞ്ഞത്. ഏറെവർഷം നീണ്ട നിയമവ്യവഹാരങ്ങൾക്കൊടുവിൽ പള്ളി തകർത്തത് നിയമവിരുദ്ധമാണെന്നും മുമ്പ് ഇവിടെ ക്ഷേത്രമുണ്ടായതിന് തെളിവില്ലെന്നും നിരീക്ഷിച്ച സുപ്രീംകോടതി 2019 നവംബറിൽ മസ്ജിദ് ഭൂമി ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്ത് വിധിക്കുകയായിരുന്നു. ഈ ഭൂമിയിൽ പരമ്പരാഗത നഗര രീതിയിലാണ് മൂന്നു നില ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുന്നത്. മസ്ജിദ് നിർമിക്കാൻ പകരം നൽകിയ ഭൂമിയിൽ പ്രവൃത്തി തുടങ്ങിയിട്ടില്ല.