അമേരിക്കയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചു കൊന്നു; മാതാപിതാക്കൾക്കെതിരെ കേസ്

news image
Sep 23, 2023, 9:29 am GMT+0000 payyolionline.in

വാഷിംഗ്ടൺ: അമേരിക്കയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചു കൊന്നു. തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കഴിഞ്ഞയാഴ്ചയാണ് എലികൾ കടിച്ചത്. കുട്ടിക്ക് 50ൽ അധികം തവണ കടിയേറ്റിട്ടുണ്ടായിരുന്നു. ഇൻഡ്യാനയിലാണ് സംഭവം. പിതാവ് പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ കുട്ടി ഗുരുതരമായി കടിയേറ്റ നിലയായിരുന്നു.

കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഫോസ്റ്റർ കെയറിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാപിതാക്കളായ ഡേവിഡ്, എയ്ഞ്ചൽ ഷോനാബോം എന്നിവരെ അറസ്റ്റ് ചെയ്ത്തു. ഇവർക്കെതിരെ അവഗണനക്കും മറ്റ് ക്രിമിനൽ കുറ്റങ്ങൾക്കും കേസ് രജിസ്റ്റർ ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.

മരിച്ച കുട്ടിയുൾപ്പെടെ മൂന്ന് കുട്ടികളും മറ്റൊരു കുടുംബാംഗവും അവരുടെ രണ്ട് കുട്ടികളുമായാണ് ദമ്പതികൾ വീട്ടിൽ താമസിച്ചിരുന്നത്. പൊലീസ് വീട്ടിലെത്തിയപ്പോൾ തലയിലും മുഖത്തും കടിയേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു വീടും സമീപ പ്രദേശങ്ങളും. വീട്ടിലെ എല്ലാ കുട്ടികളെയും ശിശു സേവന വകുപ്പ് രക്ഷിതാക്കളുടെ സംരക്ഷണത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ പിതാവിനെ വെള്ളിയാഴ്ചയാണ് ബോണ്ടില്ലാതെ ജയിലിലടച്ചത്. ഭാര്യയെ 10,000 ഡോളർ പിഴ ഈടാക്കിയ ശേഷം തടവിലാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe