കോഴിക്കോട് ∙ ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ആരോഗ്യ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും. ഇതിന്റെ ഭാഗമായി കോഴിക്കോട് പുതിയങ്ങാടിയിലെ വീടുകളിൽ സൂപ്പർ ക്ലോറിനേഷൻ തുടങ്ങി. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പുതിയങ്ങാടി പള്ളിക്കണ്ടി തെക്കെതൊടി സച്ചിദാനന്ദൻ(72) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ആശാ വർക്കർമാരുടെയും നേതൃത്വത്തിലാണ് ക്ലോറിനേഷൻ നടത്തിയത്. ഒരാഴ്ചയോളമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് സച്ചിദാനന്ദന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതും മരണം സംഭവിച്ചതും സച്ചിദാനന്ദന്റെ പുതിയങ്ങാടിയിലെ വീടിന്റെ പരിസരത്താണ് ചൊവ്വാഴ്ച ഊർജിതമായി ക്ലോറിനേഷൻ യജ്ഞം നടത്തിയത്.
മരിച്ച സച്ചിദാനന്ദന്റെ വീട്ടിലെ കിണറ്റിലെ വെള്ളവും അതോടൊപ്പം തന്നെ ടാങ്കിലെ വെള്ളവും പരിശോധനയ്ക്കായി അയച്ചു. രണ്ടാഴ്ചയ്ക്കുളളിൽ ഇതിന്റെ ഫലം ലഭിക്കും. സച്ചിദാനന്ദന് രോഗം പിടിപെട്ടത് എവിടെ നിന്നെന്നത് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റിലും കോർപറേഷൻ ആരോഗ്യ വിഭാഗം നഗരത്തിൽ ക്ലോറിനേഷൻ നടപടികൾ സ്വീകരിച്ചിരുന്നു.
