അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ഥിനിയുടെ മരണം: റിപ്പോര്‍ട്ട് തേടി മന്ത്രി

news image
Jun 5, 2023, 8:15 am GMT+0000 payyolionline.in

തിരുവനന്തപുരം: കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു. മരണത്തില്‍ അന്വേഷണം നടത്തി അടിയന്തിരമായി വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് മന്ത്രി ബിന്ദു നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, ശ്രദ്ധയുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്തെത്തി.  അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങി മരിക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.

 

‘എച്ച്ഒഡി എന്തൊക്കെയോ മകളോട് സംസാരിച്ചിട്ടുണ്ട്. അവളെ ഹരാസ് ചെയ്തിട്ടുണ്ട്. ക്യാബിനില്‍ നിന്നും പുറത്തേക്ക് പോയതോടെയാണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത് പോലെ തോന്നിയതെന്ന്’ സുഹൃത്തുക്കള്‍ പറഞ്ഞതായി പിതാവ്  പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണ് എന്നാണ് കോളേജ് അധികൃതര്‍ ഡോക്ടറോട് പറഞ്ഞത്. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കില്‍ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിച്ചേനേ. കോളേജ് അധികൃതര്‍ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാഞ്ഞതെന്ന് ശ്രദ്ധയുടെ ബന്ധുവും ആരോപിച്ചു. കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പതോടെ കോളേജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe