കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ബിരുദവിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ വൈകുന്നതിൽ ഹെെക്കോടതി റിപ്പോർട്ട് തേടി. വിചാരണ വെെകുന്നത് ചോദ്യംചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് റിപ്പോർട്ട് തേടിയത്. കേസ് വീണ്ടും ജനുവരി 17ന് പരിഗണിക്കും.
പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ 2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ ക്യാമ്പസിൽ കുത്തി കൊലപ്പെടുത്തിയത്. കേസിൽ 16 പ്രതികളും 125 സാക്ഷികളുമാണുള്ളത്. സാക്ഷികളായ 25 പേർ മഹാരാജാസ് കോളേജ് വിദ്യാർഥികളാണ്. 2018 സെപ്തംബർ 26നാണ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് ആറുവർഷം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. അഭിമന്യുവിന്റെ അമ്മയ്ക്കുവേണ്ടി അഭിഭാഷകരായ കെ ആർ ദേവിക, കെ എസ് അരുൺകുമാർ എന്നിവർ ഹാജരായി.
വിചാരണ കഴിഞ്ഞവർഷം അവസാനം ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകൾ വിചാരണക്കോടതിയിൽനിന്ന് നഷ്ടമായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം പ്രോസിക്യൂഷൻ പുനർസൃഷ്ടിച്ച രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.