അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ ആക്രമണം, 15 മരണം; ഇസ്രയേൽ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് ബൈഡൻ

news image
Mar 11, 2024, 5:26 am GMT+0000 payyolionline.in

ഗാസ: റമദാൻ മാസാരംഭത്തിലും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. അഭയാർഥി ക്യാംപിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. നസേറത്ത് അഭയാർഥി ക്യാമ്പിലാണ് ഇസ്രയേലിന്റെ ഷെല്ലാക്രമണം ഉണ്ടായത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.

ഇസ്രയേൽ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെലിവിഷൻ അഭിമുഖത്തിൽ പ്രതികരിച്ചു. നെതന്യാഹുവിന്റെ നടപടികൾ ഇസ്രയേലിനെ സഹായിക്കുകയല്ല മറിച്ച് ദ്രോഹമാവുകയാണ്. നിരപരാധികളായ ജനങ്ങളുടെ സുരക്ഷയിൽ നെതന്യാഹുവിന് ശ്രദ്ധയുണ്ടാകണമെന്നും ജോ ബൈഡൻ ആവശ്യപ്പെട്ടു. ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായി യുഎസ് കപ്പൽ ഗാസയിലേക്ക് തിരിച്ചു.

 

ഗാസയിൽ ആകാശ മാർഗം ആഹാരവും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ കഴിഞ്ഞ ദിവസം 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികൾ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം. സഹായം കാത്ത് താഴെ നിന്നവർക്ക് മേലാണ് ഇത് പതിച്ചത്. ഏത് രാജ്യം ആഹാര സാധാനങ്ങൾ വിതരണം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമല്ല. അമേരിക്കയും ജോ‍‍ർദനും ഈജിപ്തും ഫ്രാൻസും നെതർലാൻഡും ബെൽജിയവും  ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗാസയിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം 9.30ഓടെയാണ് അപകടമുണ്ടായത്.

 

നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഗാസയിലെ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ താൽക്കാലിക തുറമുഖം പ്രവർത്തന ക്ഷമമാകാൻ ആഴ്ചകൾ എടുത്തേക്കും. സൈപ്രസിലേക്കാകും അമേരിക്കൻ കപ്പലുകൾ എത്തുക. ഭക്ഷണം, വെള്ളം എന്നിവ കൂടാതെ താൽക്കാലിക പാർപ്പിട സൗകര്യങ്ങളും എത്തിക്കും.

നേരത്തെ ഗാസയിൽ ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്ക് നേരെയുണ്ടായ ഇസ്രയേൽ വെടിവയ്പ്പിൽ 112 പേർ കൊല്ലപ്പെടുകയും 760 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗാസയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് സംഭവമുണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe