അപ്രതീക്ഷിത ആക്രമണം; മണിപ്പൂരിൽ വെടിവെപ്പിൽ 2 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു, 2 പേർക്ക് പരിക്ക്

news image
Apr 27, 2024, 7:16 am GMT+0000 payyolionline.in

ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. വെടിവെപ്പിൽ രണ്ടുപേര്‍ക്ക്  പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി നടത്തിയ വെടിവെപ്പിലാണ് രണ്ട് സൈനികർ മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ്  തീവ്രവാദികള്‍  വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇന്‍സ്‌പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പ്രദേശത്ത് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ 2.15-വരെ വെടിവെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. നരൻസീന ഗ്രാമത്തിലെ ഒരു മലഞ്ചെരുവിൽ നിന്ന് താഴ്‌വര മേഖലയിലെ ഐആർബി ക്യാമ്പിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്‌നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.  മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സെൻസിറ്റീവ് ഏരിയയായി പ്രഖ്യാപിച്ച സ്ഥലമായതിനാൽ ആണ് കേന്ദ്ര സുരക്ഷാ സേനയെ ഇവിടെ വിന്യസിച്ചത്. ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കുവേണ്ടി വ്യാപക തിരച്ചില്‍ തുടങ്ങിയെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.

ത്രീവ്രവാദികൾ ക്യാമ്പിന് നേരെ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു, വെടിവെപ്പിനിടെ മലമുകളിൽ നിന്നും തീവ്രവാദി സംഘം സിആർപിഎഫ് ക്യാമ്പിന് നേരെ ബോംബ് ആക്രമണവും നടത്തി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പം മണിപ്പൂരില്‍ മൂന്നിടങ്ങളില്‍ സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തില്‍ ഒരു പാലത്തിന് കേടുപാട് സംഭവിച്ചു. കാങ്പോക്പിയില്‍ 24ന് പുലർച്ചെ 1.15ന് ആണ് സ്ഫോടനം സംഭവിച്ചത്. സ്ഫോടനത്തിൽ ഇംഫാലിനെയും നാഗലാന്‍റിലെ ദിമാപൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ ഒരു ഭാഗം തകർന്നിരുന്നു. സ്‌ഫോടനത്തിൽ ആളപായോ പരിക്കോ ഉണ്ടായിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe