അനിതയ്ക്കു നിയമനം: സർക്കാരിന്റെ പുനഃപരിശോധനാ ഹർജി വേനലവധിക്കുശേഷം പരിഗണിക്കും

news image
Apr 8, 2024, 11:05 am GMT+0000 payyolionline.in

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയ്ക്കു നിയമനം നല്‍കണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കും. മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതിക്ക് അനുകൂലമായ നിലപാട് എടുത്തതിന്റെ പേരിൽ സ്ഥലംമാറ്റപ്പെട്ട അനിതയ്ക്ക് പുനർനിയമനം നൽകിയ ഉത്തരവ് സർക്കാർ ഇന്ന് ഹാജരാക്കി.

ഇതോടെ, കോടതി ഉത്തരവുണ്ടായിട്ടും നിയമനം നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി അനിത നൽകിയ കോടതിയലക്ഷ്യ ഹർജി അവസാനിപ്പിച്ചു. നേരത്തെ, നിയമനം നൽകാത്തതിനെതിരെ അനിത സമരമിരുന്നതിനെ തുടർന്ന് പ്രതിരോധത്തിലായ ആരോഗ്യ വകുപ്പ് നിയമന ഉത്തരവു പുറത്തിറക്കിയാണു വിഷയത്തിനു താൽക്കാലിക പരിഹാരം കണ്ടത്. സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയിൽ കോടതിയുടെ അന്തിമവിധിക്കു വിധേയമായിട്ടാണു നിയമനം.

 

ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവർ മാധ്യമങ്ങളിലൊക്കെ കാണുന്ന വിഷയം ഇതാണോ എന്നു വാക്കാൽ ആരാഞ്ഞിരുന്നു.തുടര്‍ന്നാണ് സർ‍ക്കാർ അഭിഭാഷകൻ നിയമന ഉത്തരവ് ഹാജരാക്കിയത്. തന്നെ ഇടുക്കി മെഡിക്കൽ കോളജിലേക്കു സ്ഥലം മാറ്റിയതിനെതിരെ അനിത നൽകിയ ഹർജി പരിഗണിച്ചു കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ ഒഴിവുണ്ടാകുന്നത് എന്നാണെന്ന് കോടതി ആരാഞ്ഞിരുന്നു.

 

2024 ഏപ്രിൽ ഒന്നു മുതൽ ഒഴിവുണ്ടെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് അന്നു മുതൽ അവിടെ പുനർനിയമനം നൽകാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ആരോഗ്യവകുപ്പ് ഇത് നടപ്പാക്കിയില്ല.തുടർന്നാണ് അനിത സമരം ആരംഭിക്കുന്നതും വിഷയം രാഷ്ട്രീയ പ്രശ്നമായി മാറുന്നതും. ഇതിനിടെയാണ് അനിത കോടതിയലക്ഷ്യ ഹർജി നൽകിയത്. ഇതിന്റെ പിറ്റേന്ന് അനിതയെ നിയമിക്കാനുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും കോടതിയിലെത്തുകയായിരുന്നു. 18 പേർ കോഴിക്കോട് മെഡിക്കൽ കോളജിലെ ഈ പദവിയിലേക്ക് മാറാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അവരെക്കൂടി കക്ഷി ചേർത്തു വേണം അന്തിമ വിധി പുറപ്പെടുവിക്കാൻ എന്നുമാണു സർക്കാരിന്റ പുനഃപരിശോധന ഹർജിയിൽ‍ പറയുന്നത്. കേസ് വേനലവധിക്കു ശേഷമേ പരിഗണിക്കൂ എന്നതിനാൽ അനിതയ്ക്ക് ജോലിയിൽ തുടരാം.

 

മെ‍‍ഡി. കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ അനിതയെ ഇടുക്കിയിലേക്കു സ്ഥലംമാറ്റിയിരുന്നു. തുടർന്ന് അനിത ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെങ്കിലും, സർക്കാർ ഉത്തരവില്ലാതെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന വാശിയിലായിരുന്നു ആരോഗ്യ വകുപ്പ്. രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണു സർക്കാരിന്റെ പുതിയ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe