ഭുവനേശ്വർ: അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപണം നേരിടുന്ന സബ് കളക്ടറുടെ വീട്ടിലെത്തിയപ്പോള്‍ ഞെട്ടി വിജിലന്‍സ്. പെട്ടിയിലൊളിപ്പിച്ച രണ്ട് കോടി രൂപ ഉദ്യോഗസ്ഥന്‍ അയല്‍വാസിയുടെ ടെറസില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. ഒഡിഷയിലെ അഡീഷണൽ സബ് കളക്ടർ പ്രശാന്ത് കുമാർ റൗട്ടിനെതിരെയാണ് കൈക്കൂലി ആരോപണമുയര്‍ന്നത്. ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് ഇയാളുടെ വസതിയില്‍ പരിശോധനക്കെത്തുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് എത്തി തിരച്ചില്‍ നടത്തുമ്പോള്‍ സബ്കളക്ടര്‍ പണം അയല്‍വാസിയുടെ ടെറസിലേക്ക് മാറ്റി.
എന്നാല്‍ വിജിലന്‍സ് നടത്തിയ തിരച്ചിലില്‍ ഭുവനേശ്വറിലെ കാനൻ വിഹാർ ഏരിയയിലെ റൗട്ടിന്റെ അയൽവാസിയുടെ ടെറസിൽ നിന്ന് ആറ് പെട്ടികളിലായി ഒളിപ്പിച്ച രണ്ട് കോടിയിലധികം രൂപ ഒഡീഷ വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വീട് റെയ്ഡ് ചെയ്തപ്പോൾ സബ് കളക്ടര്‍ പെട്ടികൾ അയൽവാസിയുടെ ടെറസിലേക്ക് എറിഞ്ഞതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
ഭുവനേശ്വറിലെ കാനൻ വിഹാറിലെ വീട്, നബരംഗ്പൂരിലെ മറ്റൊരു വീട്, അദ്ദേഹത്തിന്റെ ഓഫീസ് ചേംബർ, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിവ ഉൾപ്പെടെ 9 സ്ഥലങ്ങളിൽ ഒരേസമയം തിരച്ചിൽ നടത്തി. ഇതുകൂടാതെ, റൗട്ടിന്റെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും അഞ്ച് വീടുകളിലും തിരച്ചില്‍ നടത്തി.