പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുൾപ്പെടെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. റിമാൻഡിൽ കഴിയുന്ന സംസ്കൃതാധ്യാപകൻ അനിലിന്റെ ഫോണിലാണ് അശ്ലീല ദൃശ്യങ്ങളുള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ഫോൺ പരിശോധനയ്ക്കയച്ചു.
സൈബർ ക്രൈം വിഭാഗത്തിനാണ് അന്വേഷണ സംഘം ഫോൺ കൈമാറിയത്. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കും. അതേസമയം, അനിലിനെതിരെ കുട്ടികൾ മൊഴി നൽകി. സ്കൂളിൽ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് കുട്ടികൾ മൊഴി നൽകിയത്. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായും മൊഴി നൽകിയിട്ടുണ്ട്. അധ്യാപകനെതിരെ കൂടുതൽ പരാതികൾ വന്നതോടെ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു.
സിഡബ്ല്യുസിയുടെ കൗൺസിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാർത്ഥികൾ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തിൽ കൗൺസിലിങ് നൽകിയ അഞ്ച് വിദ്യാർത്ഥികളാണ് മൊഴി നൽകിയത്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് അധ്യാപകൻ്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സിഡബ്ല്യുസിയുടെ കൗൺസിലിങ്ങ് തുടരും. ഇന്നാണ് സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകേണ്ട അവസാന ദിവസം.
