അദാനി: പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എം.പിമാരുടെ മനുഷ്യച്ചങ്ങല

news image
Mar 16, 2023, 11:37 am GMT+0000 payyolionline.in

ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എം.പിമാരുടെ മനുഷ്യച്ചങ്ങല. അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പരിപാടി.

രാവിലെ പാർലമെന്റ് കെട്ടിടത്തിലെ മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഒത്തുകൂടിയിരുന്നു. ഡി.എം.കെ, എൻ.സി.പി, എസ്.പി, ആർ.ജെ.ഡി, ബി.ആർ.എസ്, സി.പി.എം, സി.പി.ഐ, ജെ.ഡി.യു, ജെ.എം.എം, എം.ഡി.എം.കെ, വി.സി.കെ, എ.എ.പി, മുസ്‍ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളാണ് യോഗത്തിനെത്തിയത്.

അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന ഞങ്ങളുടെ ആവശ്യം അവഗണിക്കുകയും പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് അവരുടെ ഗൂഢാലോചനയാണെന്ന് മല്ലികാർജുൻ ഖാർഗെ ​മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാർലമെന്‍റ് സമ്മേളനം നാലാംദിവസവും ഭരണപക്ഷ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. രാഹുലിന്‍റെ യു.കെയിലെ പരാമർശങ്ങള്‍ ഉയർത്തി ബി.ജെ.പിയും അദാനി വിഷയം ഉയര്‍ത്തി പ്രതിപക്ഷവും ലോക്സഭയിലും രാജ്യസഭയിലും ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു. തൃണമൂൽ എം.പിമാർ രാവിലെ ഇരു സഭകളിലും കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി അസാധാരണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe