ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വ്യവസായി ഗൗതം അദാനിക്കെതിരെയും വലിയ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദാനിക്ക് സംരക്ഷണം നൽകുന്നത്. യു.എസിലെ കേസിന്റെ പശ്ചാത്തലത്തിൽ അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
2000 കോടിയുടെ അഴിമതി കേസിൽ പ്രതിയായിട്ടും അദാനി സ്വതന്ത്രനായി നടക്കുന്നത് മോദിയുടെ പിന്തുണയുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, യു.എസ് നിയമങ്ങൾ അദാനി ലംഘിച്ചു. ഈ രാജ്യത്ത് അദാനി സ്വതന്ത്രനായി നടക്കുന്നത് എന്തുകൊണ്ടാണെന്നാണ് താൻ അതിശയിക്കുന്നത്. അദാനിയുടെ അഴിമതിയിൽ മോദിക്ക് പങ്കുള്ളതിനാലാണ് അദാനി അറസ്റ്റ് ചെയ്യപ്പെടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിക്കെതിരെ യു.എസിൽ കേസെടുത്തിരുന്നു. തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് ഗൗതം അദാനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ചയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്.
അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.
ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും ഈ അഴിമതി മറച്ചുവെച്ച് മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നാണ് കേസ്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.