കോഴിക്കോട്: കോഴിക്കോട് യുവതിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അത്തോളി സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈനിൽ ടാസ്ക്കുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ചെറിയ തുകകളും പിന്നീട് വലിയ തുകകളും യുവതി അയച്ചുനൽകി. ഇത്തരത്തിൽ 3,59,050 രൂപയാണ് യുവതിക്ക് നഷ്ടമായത്.
അത്തോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് റൂറൽ സൈബർ ക്രൈം പോലീസിന് കൈമാറുകയായിരുന്നു. വിശ്വനാഥനെ കസ്റ്റഡിയിലെടുക്കാൻ ചെന്നൈയിലെ വീട്ടിൽ എത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്ത് നായ്ക്കളെ അഴിച്ച് വിട്ട് പ്രതി പ്രകോപനം സൃഷ്ടിച്ചിരുന്നു. പിന്നീട് വീണ്ടും ഒരു സംഘം പോയി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതിയുടെ നഷ്ടമായ തുകയിൽ നിന്നും 3,12,000/- രൂപ പ്രതിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകൾ ഫ്രീസ് ചെയ്തിട്ടുണ്ട്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.