അത്തോളി പൊലീസ് സ്റ്റേഷന്‍ മാർച്ചിലെ സംഘർഷം; പഞ്ചായത്ത് പ്രസിഡൻ്റുള്‍പ്പെടെ 10 പേർ റിമാൻ്റിൽ

news image
Jan 23, 2024, 1:39 pm GMT+0000 payyolionline.in

കോഴിക്കോട്: അത്തോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുള്‍പ്പെടെ 10 കോണ്‍ഗ്രസ് നേതാക്കൾ റിമാൻ്റിൽ. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പായിരുന്നു ചുമത്തിയത്. ജാമ്യപേക്ഷ ജില്ലാകോടതിയും ഹൈക്കോടതിയും തള്ളിയ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ അത്തോളി സ്റ്റേഷനിൽ പ്രതികള്‍ ഹാജരാവുകയായിരുന്നു. കീഴടങ്ങിയ പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പേരാമ്പ്ര കോടതിയിലേക്ക് കൊണ്ടുപോയി.

അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജന്‍, ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ജൈസല്‍ അത്തോളി, അത്തോളി മണ്ഡലം പ്രസിഡന്റ് സുനില്‍ കൊളക്കാട്, ഉള്ളിയേരി  മണ്ഡലം പ്രസിഡന്റ് കെ കെ സുരേഷ്, അജിത്ത് കുമാര്‍ കരി മുണ്ടേരി, മോഹനന്‍ കവലയില്‍, അഡ്വ. സുധിന്‍ സുരേഷ്, സതീഷ് കന്നൂര്‍, നാസ് മാമ്പൊയില്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് താരിഖ് അത്തോളി, ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ്  ജനറല്‍ സെക്രട്ടറി ലിനീഷ് കുന്നത്തറ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

കഴിഞ്ഞ മാസം 20 നായിരുന്നു കേസിനാസ്പദമായ സംഭവം. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ കെ പി സി സി സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ആഹ്വാനം ചെയ്തിരുന്നു. അത്തോളി സ്റ്റേഷന്‍ മാര്‍ച്ചില്‍ കയര്‍ കെട്ടി പ്രതിരോധിക്കുന്നതിനിടെ പൊലീസിന് പരിക്കേറ്റിരുന്നുവെന്ന പരാതിയിലാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ 12 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തക്കെതിരെ കേസെടുത്തത്. തുടർന്ന് ഹൈക്കോടതി സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതികൾ കീഴടങ്ങുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe