തിരുവനന്തപുരം: പഞ്ഞ കർക്കിടകം കഴിഞ്ഞ് അത്തം പിറന്നു. ഇനി പൂവിളിയുടെ പത്ത് നാൾ. മലയാളി ഓണാവേശത്തിലേക്ക് കടന്നു. കുട്ടികൾ അവസാന പരീക്ഷകൾ കൂടി തീർത്ത് ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇനി തൊടികളിൽ പൂ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞും മറ്റൊരു ഓണക്കാലം.
സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയിൽ പങ്കെടുക്കാനായി തൃപ്പൂണിത്തുറയിൽ എത്തിയിരിക്കുന്നത്. അത്തം നാളായ ഇന്ന് രാത്രി 8 മണിക്ക് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നതോടെ മലയാളിയുടെ ഓണക്കാലം തുടങ്ങുകയായി.