അതീവ ജാഗ്രത, കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് മെസേജ് പുറപ്പെടുവിച്ചു; 90 കിമീ വേഗതയിൽ ഫിൻജാൽ കരതൊടുന്നു

news image
Nov 30, 2024, 12:29 pm GMT+0000 payyolionline.in

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടാനായതോടെ ചെന്നൈ അടക്കമുള്ള വിവിധ മേഖലകളിൽ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഫിൻജാൽ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരതൊടുന്ന സാഹചര്യത്തിൽ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരം തുടങ്ങിയ മേഖലകളിൽ ചുഴലിക്കാറ്റ് റെഡ്‌ മെസ്സേജ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയിൽ ഫിൻജാൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് റെഡ് മെസേജ് ഇപ്രകാരം

വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ്  റെഡ്‌  മെസ്സേജ്. തെക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു മുകളിലെ ഫിൻജാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നു. ഇന്ന്  വൈകുന്നേരത്തോടെ (നവംബർ 30) കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം   മണിക്കൂറിൽ പരമാവധി  90 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ  അതിശക്തമായ മഴയ്ക്കും ഡിസംബർ 1 മുതൽ 4  തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അതേസമയം തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ, തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചെന്നൈ വിമാനത്താവളം വൈകിട്ട് 7 മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പല വിമാനങ്ങളും റദ്ദാക്കുകയും മറ്റ് ചില വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe