അതിജീവിതയെ അപമാനിച്ചെന്ന കേസിൽ പ്രതിയായ രാഹുൽ ഈശ്വർ ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി പരാതി. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാമത്തെ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയാണ് രാഹുൽ ഈശ്വറിന് എതിരെ പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവതി പരാതി നൽകിയത്.
കേസിൽ അതിജീവിതയെ അവഹേളിക്കരുത് എന്നത് അടക്കമുള്ള കർശന വ്യവസ്ഥയോടെ ആയിരുന്നു കോടതി രാഹുൽ ഈശ്വറിന് ജാമ്യം നൽകിയത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് എത്തിയതോടെ രാഹുൽ ഈശ്വർ സമൂഹ മാധ്യമങ്ങളിൽ പ്രതികരണം നടത്തി. ഇതാണ് പരാതിക്ക് ആധാരം.
വിവാഹിതയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയോട് രാഹുൽ മാങ്കൂട്ടത്തിൽ അടുപ്പത്തിന് ശ്രമിച്ചുവെന്നായിരുന്നു യുവാവ് പരാതിയിൽ പറഞ്ഞത്. യുവതിയുടെ ഭർത്താവായിരുന്ന യുവാവാണ് യഥാർഥ ഇര എന്നാണ് രാഹുൽ ഈശ്വർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. കൂടാതെ പോസ്‌റ്റിൽ പരാതിക്കാരിയെ വ്യാജ പരാതിക്കാരി എന്നുൾപ്പെടെ വിളിക്കുകയും ചെയ്തു.
