രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മൂന്നാം അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും വ്യക്തിത്വം വെളിപ്പെടുത്തുകയും ചെയ്ത കേസിൽ മഹിള കോൺഗ്രസ് നേതാവ് അറസ്റ്റിലായി. മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിതമോൾ വി.ആർ (രഞ്ജിത പുളിക്കൻ) ആണ് പിടിയിലായത്. തിരുവനന്തപുരം സൈബർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന പരാതിക്ക് പിന്നാലെ, പരാതിക്കാരിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ രഞ്ജിത പ്രചാരണം നടത്തിയെന്നാണ് പരാതി. അതിജീവിതയുടെ പേരോ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളോ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമായിരിക്കെ, രഞ്ജിത മനഃപൂർവ്വം ഇത് ലംഘിച്ചുവെന്ന് പൊലീസ് കണ്ടെത്തി.
തനിക്കെതിരെ മോശമായ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി അതിജീവിത സൈബർ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
