അട്ടപ്പാടിയിൽ സർക്കാർ ഫണ്ട് 10 ലക്ഷം രൂപ അനധികൃതമായി ഉപയോഗിച്ചുവെന്ന് സതാനന്ദ് രംഗരാജ്

news image
Mar 9, 2024, 10:01 am GMT+0000 payyolionline.in

പാലക്കാട്: അട്ടപ്പാടിയിൽ സർക്കാർ ഫണ്ട് 10 ലക്ഷം രൂപ അനധികൃതമായി ഉപയോഗിച്ചുവെന്ന് സതാനന്ദ് രംഗരാജ്. ഷോളയൂർ വില്ലേജിലെ വെള്ളക്കളം ഊരിലെ അഗളി ബ്ലോക്ക് പഞ്ചായത്തിലെ അംഗം കാളിയമ്മ, ഭർത്താവ് മുരുകേശൻ, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അനില കുമാരൻ, കോൺട്രാക്‌ടർ കനകരാജ് എന്നിവരുടെ സഹായത്തോടെ 10 ലക്ഷം രൂപ സർക്കാർ ഫണ്ട് അനധികൃതമായി ഉപയോഗിച്ചുവെന്ന് അദ്ദേഹം വാർത്സത്താസമ്മേളനത്തിൽ ആരോപിച്ചു. വെള്ളകുളം ഊരിലെ ആദിവാസികളുടെ ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന സതാനന്ദ് രംഗരാജ് അഗളി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തിനും അഗളി- ഷോളയൂർ പൊലീസുനുമെതിരെയാണ് ഗുരുതര ആരോപണം ഉന്നയിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് ഷോളയൂർ വില്ലേജിലെ സർവേ നമ്പർ 1817/2ൽ മുത്തമ്മാളിന്റെ വസ്തുവിന് ചുറ്റും അനധികൃതമായി മതിൽ കെട്ടുകയും ഈ ഭൂമിയിൽ നിന്ന് മണ്ണ് നീക്കുകയും സ്ഥലവും ആദിവാസി ക്ഷേത്രവും ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തു. യഥാർഥ ഉടമയുടെ അനുവാദമോ അറിവോ ഇല്ലാതെ കളിസ്ഥലമാണെന്ന് സൈൻബോർഡ് വെക്കുകയും ചെയ്തു. സർക്കാർ ഫണ്ട് ഇവർ ചൂഷണം ചെയ്തുവെന്നാണ് സതാനന്ദ് രംഗരാജിന്റെ ആക്ഷേപം. ഈ സർവേ മ്പരിൽ അട്ടപ്പാടി ഐ.ടി.ഡി.പി അനധികൃതമായി ചെളി നീക്കി ഒരു കോടി രൂപ അംബേദ്‌കർ സെറ്റിൽമെൻറ് ഫണ്ടിൽ നിന്ന് കമ്മ്യൂണിറ്റി ഹാൾ നിർമിക്കാനും ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ സതാനന്ദ് രംഗരാജ് പരാതി നൽകിയിട്ടും ഷോളയൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്‌.ഒ ഫൈസൽ കാരോത്ത് സംരക്ഷണം നൽകിയില്ല. മുരുകേശനും പിതാവ് രാജനും ഫെബ്രുവരി മൂന്നിന് അനധികൃതമായി വസ്തുവിൽ പ്രവേശിച്ച് സതാനന്ദ് രംഗരാജിനെ ആക്രമിച്ചു. ഫെബ്രവരി 25 ന് അവർ വീണ്ടും വേലികളും സി.സി.ടി.വി കാമറകളും നശിപ്പിച്ചു. ഈ ഭൂമിയിൽ നിന്ന് മൂന്നര ലക്ഷം രൂപയുടെ വസ്തുവകകൾ അപഹരിക്കുകയും പ്രദേശത്തെ ആദിവാസി ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു.

ഹൈക്കോടതി ഉത്തരവുണ്ടായുട്ടും പൊലീസ് സംരക്ഷണം നൽകുന്നില്ല. പലതവണ പരാതി നൽകിയിട്ടും പാലക്കാട് എസ്.പി നടപടിയെടുത്തില്ല. അതിനാൽ, ആക്രമണത്തിനും മോഷണത്തിനും കുറ്റക്കാർക്കെതിരെ ഉടൻ എഫ്.ഐ.ആർ ഫയൽ ചെയ്യണമെന്ന് മുത്തമ്മാളും സതാനന്ദ് രംഗരാജും മുഖ്യമന്ത്രിക്ക് പരാതി നൽകി. മുത്തമ്മാൾ നൽകിയ പരാതിയിൽ പാലക്കാട് എസ്.പി, അഗളി ഡി.വൈ.എസ്.പി, ഷോളയൂർ പൊലീസ് എന്നിവർ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തില്ല.

മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും രണ്ടുതവണ പരാതി നൽകി. നീതി ലഭിച്ചില്ലെങ്കിൽ ഗവർണറുടെ ഓഫീസിന് മുന്നിൽ അനിശ്ചിതകാല പ്രതിഷേധം നടത്തുമെന്ന് സതാനന്ദ് രംഗരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, സതാനന്ദ് രംഗരാജ് ഭൂമി കൈയേറിയെന്ന് വെള്ളകുളം ഊരിലെ ആദിവാസികളായ രങ്കിയും രാമിയിലും പരാതി നൽകിയിരുന്നു. ഇരുകൂട്ടരും ഹൈകോടതിയിലും മണ്ണാർക്കാട് കോടതിയിലും ഇത് സംബന്ധിച്ച നൽകിയ കേസ് നിലവിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe