അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കണമെങ്കിൽ ആറ് വയസ്സ് പൂർത്തിയാകണം: തീരുമാനമെടുത്ത് സർക്കാർ

news image
Feb 13, 2026, 3:12 pm GMT+0000 payyolionline.in

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2027-28 അധ്യയനവർഷം മുതൽ ആറു വയസായി ഉയർത്താൻ സർക്കാർ തീരുമാനം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിർദേശ പ്രകാരമാണ് ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറു വയസാക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നത്.

ഇതു സംബന്ധിച്ച ആക്ഷൻ പ്ലാൻ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ ( എസ്.സി.ഇ.ആർ.ടി ) തയ്യാറാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചു. തീരുമാനം ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രായപരിധി ഉയർത്തുന്നതിലൂടെ കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചക്കും പഠനസജ്ജതയ്ക്കും അനുകൂല സാഹചര്യം ഒരുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കുട്ടികളെ സ്കൂൾ ജീവിതത്തിന് തയ്യാറാക്കുന്നതിന് പ്രീ-സ്കൂൾ തലത്തിൽ ‘വിദ്യ പ്രവേശ്’ എന്ന പരിപാടിയും ആരംഭിച്ചിട്ടുണ്ട്. ‘ഒന്നാം ക്ലാസിലേക്കൊരു ഒരുക്കം’ എന്ന ആശയത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ ഭാഷാ-സംഖ്യാപരമായ അടിസ്ഥാന നൈപുണ്യങ്ങൾ, സാമൂഹിക ഇടപെടൽ കഴിവുകൾ, സ്വയംപരിചരണം തുടങ്ങിയ മേഖലകളിൽ കുട്ടികളെ സജ്ജമാക്കും.

2025-26 അധ്യയനവർഷത്തെ പ്രവേശന കണക്കുകൾ പ്രകാരം സർക്കാർ, എയ്ഡഡ് മേഖലകളിൽ ഒന്നാം ക്ലാസ് ഒഴികെ എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർധനവുണ്ടായതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. അൺഎയ്ഡഡ് മേഖലയിൽ നിന്ന് നിരവധി കുട്ടികൾ സർക്കാർ-എയ്ഡഡ് സ്കൂളുകളിലേക്ക് മാറിയതും ഈ വർധനവിന് കാരണമായതായി അധികൃതർ പറയുന്നു.

പൊതുവിദ്യാഭ്യാസ മേഖലയിലേക്കുള്ള ഈ തിരിച്ചുവരവ് വിദ്യാഭ്യാസ നിലവാരത്തിലെ പുരോഗതിയെയും അടിസ്ഥാന സൗകര്യ വികസനങ്ങളെയും പ്രതിഫലിപ്പിക്കുന്നതായാണ് വിലയിരുത്തൽ. പ്രായപരിധി ഉയർത്തുന്ന തീരുമാനം സംബന്ധിച്ച് രക്ഷിതാക്കളിലും വിദ്യാഭ്യാസ പ്രവർത്തകരിലും വ്യാപകമായ ചര്‍ച്ചകൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനമൂല്യവും വളർച്ചയും മുൻനിർത്തിയുള്ള ഈ മാറ്റം സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായാണ് സർക്കാർ കാണുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe