അടച്ചിട്ട കടമുറിയിൽ കണ്ടെത്തിയ മൃതദേഹം കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം; അന്വേഷണം ഊർജിതമാക്കി പൊലീസ്

news image
Jan 13, 2024, 7:16 am GMT+0000 payyolionline.in

വടകര: ദേശീയപാതയിൽ വടകര കുഞ്ഞിപ്പള്ളി ടൗണിൽ അടച്ചിട്ട കടമുറിയിൽ പുരുഷന്‍റെ തലയോട്ടിയും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മൃതദേഹം കൊയിലാണ്ടി സ്വദേശിയുടേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിയിട്ടുള്ളത്.

മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ മുറിയിൽ നിന്ന് കിട്ടിയ വസ്ത്രത്തിന്‍റെ പോക്കറ്റിൽ നിന്ന് ഒരു ഫോൺ ലഭിച്ചിരുന്നു. ഈ ഫോൺ പ്രവർത്തനരഹിതമായിരുന്നെങ്കിലും സിം ഉണ്ടായിരുന്നു. സിം കാർഡ് ഉടമയെ തേടിയുള്ള അന്വേഷണത്തിലാണ് ഫോൺ കൊയിലാണ്ടി സ്വദേശിയുടേതാണെന്ന് സ്ഥിരീകരിച്ചത്. ഇയാളെ കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ബന്ധുക്കളിൽ നിന്ന് മൊഴി ശേഖരിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറു മാസമായി കൊയിലാണ്ടി സ്വദേശിയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിന് പുറത്ത് യാത്ര നടത്തുന്ന ആളാണ്. യാത്രക്ക് ശേഷം തിരിച്ചു വരുന്നതിനാൽ കാണാതായത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല. പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ട് എന്നിവ ലഭിച്ചാൽ മാത്രമേ മൃതദേഹാവശിഷ്ടങ്ങൾ ആരുടേതെന്ന് അന്തിമ തീരുമാനത്തിൽ എത്താൻ സാധിക്കൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് ദേശീയപാതയിൽ വടകര കുഞ്ഞിപ്പള്ളി ടൗണിൽ അടച്ചിട്ട കടമുറിയിൽ പുരുഷന്റെ തലയോട്ടിയും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. ദേശീയപാത നിർമാണത്തിന് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തി.

കൈയുടെയും കാലിന്റെയും ഭാഗങ്ങളും വാരിയെല്ലുകളും ഇവിടെ നിന്ന് കണ്ടെടുത്തു. തൊട്ടടുത്ത മുറിയുടെ ഭാഗത്തു നിന്ന് അസ്ഥിയുടെ ഒരു ഭാഗവും പിന്നീട് പൊലീസിന് ലഭിച്ചു. പേപ്പർ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കിടയിലാണ് ആദ്യം മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്.

അഴുകി ദ്രവിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ആറു മാസത്തിലേറെ പഴക്കമുള്ളതാണെന്ന് കരുതുന്നു. മൃതദേഹത്തിനടുത്തു നിന്ന് സിറിഞ്ചും പൊലീസ് കണ്ടെത്തി. ഹോട്ടൽ നടത്തിയിരുന്ന കട ഒരു വർഷത്തിലേറെയായി പ്രവർത്തിക്കാറില്ല. കെട്ടിട ഉടമ ദേശീയപാത അതോറിറ്റിക്ക് രണ്ടു വർഷം മുമ്പ് കൈമാറിയതാണ് കെട്ടിടം. കടയുടെ ഷട്ടറിന്റെ ഭാഗങ്ങളടക്കം നേരത്തേ നീക്കം ചെയ്തിരുന്നു.

ചോമ്പാല പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ ഇന്നലെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe