‘അഞ്ചു വയസ്സുകാരി ചാന്ദ്‌നിയുമായി അസ്‌ഫാക് മാർക്കറ്റിലെത്തി , ചോദിച്ചപ്പോൾ തോളിലെടുത്തു’ – ദൃക്‌സാക്ഷിയായ ചുമട്ടുതൊഴിലാളി താജുദ്ദീൻ

news image
Jul 29, 2023, 8:26 am GMT+0000 payyolionline.in

കൊച്ചി∙ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ചു വയസ്സുകാരി ചാന്ദ്നിയെ, പിടിയിലായ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന്റെ കൂടെ മാർക്കറ്റ് പ്രദേശത്തു കണ്ടിരുന്നതായി ദൃക്‌സാക്ഷിയായ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി താജുദ്ദീൻ. വെള്ളിയാഴ്ച മൂന്നേകാലോടെയാണ് ഇരുവരെയും കണ്ടത്. നീല ബനിയനും കാവി മുണ്ടുമാണ് അസ്ഫാക് ധരിച്ചിരുന്നതെന്ന് താജുദ്ദീൻ പറഞ്ഞു.

ചെറിയ പെണ്‍കുട്ടിയുമായി മാര്‍ക്കറ്റിലെ മാലിന്യക്കൂനയ്ക്കരികിലേക്കു പോകുന്നതു കണ്ടപ്പോള്‍ സംശയം തോന്നി ചോദിച്ചെന്നും തന്റെ മകളാണ് ഒപ്പമുള്ളതെന്നുമായിരുന്നു അസ്ഫാക്കിന്റെ മറുപടിയെന്നും മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ താജുദ്ദീന്‍ വെളിപ്പെടുത്തി. മദ്യപിക്കുന്നതിനായാണു മാര്‍ക്കറ്റിനുള്ളില്‍ വന്നതെന്ന് അസ്ഫാക് പറഞ്ഞെന്നും അസ്ഫാക്കിനു പിന്നാലെ രണ്ടു മൂന്നും പേര്‍കൂടി സ്ഥലത്തേക്ക് എത്തിയെന്നും മദ്യപസംഘമായതിനാല്‍ പിന്നീടു ശ്രദ്ധിച്ചില്ലെന്നും താജുദ്ദീന്‍ പറഞ്ഞു

‘‘സംശയം തോന്നി അവനോട് ചോദിച്ചു. അപ്പോൾ അവന്റേതാണു കുഞ്ഞെന്നാണു പറഞ്ഞത്. എന്തിനാണു പോകുന്നതെന്നു ചോദിച്ചപ്പോൾ മദ്യപിക്കാനാണു പോകുന്നതെന്നു പറഞ്ഞു. കുറച്ചുസമയത്തിനുശേഷം രണ്ടു മൂന്നു പേർ കൂടി അങ്ങോട്ടു പോയി. സംഘംചേർന്നു മദ്യപിക്കാനാണു പോയതെന്നാണു തോന്നുന്നത്. മൂന്നു മണിക്കുശേഷം ഇവിടെ മദ്യപാനം സ്ഥിരമാണ്. കുട്ടിയുടെ കൈയിൽ പിടിച്ചുകൊണ്ടാണ് അസ്‌ഫാക് വന്നത്. കുട്ടിയുടെ കയ്യിൽ മിഠായി ഒക്കെ ഉണ്ടായിരുന്നു. അതു കഴിക്കുന്നുമുണ്ടായിരുന്നു. ഇവർ തിരിച്ചുപോകുന്നതു കണ്ടില്ല’’– ചുമട്ടുതൊഴിലാളി പറഞ്ഞു.

കുട്ടിയും അസ്ഫാക്കും ഒരേ ഭാഷയാണു സംസാരിച്ചിരുന്നതെന്നും താന്‍ ഓരോന്നു ചോദിച്ചപ്പോള്‍ അസ്ഫാക് ചാന്ദ്നിയെ തോളിലെടുത്തുവെന്നും താജുദ്ദീൻ പറഞ്ഞു. തട്ടിക്കൊണ്ടുപോയതിന്റെ വാർത്തയും സിസിടിവി ദൃശ്യങ്ങളും കണ്ടതിനു പിന്നാലെ സംശയം തോന്നിയാണ് പൊലീസിനെ വിവരമറിയിച്ചത്.

ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടുപോയശേഷം ആലുവയിലെ പെരിയാർ തീരത്താണ് ചാന്ദ്‌നിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയനിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക് പൊലീസിനു നൽകിയ മൊഴി. എന്നാൽ അസ്‌ഫാക് മാത്രമാണ് കൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകളാണ് ചാന്ദ്നി. വെള്ളിയാഴ്ച പകൽ മൂന്നോടെയാണു സംഭവം. രാംധറിനു 4 മക്കളുണ്ട്. സ്കൂൾ അവധിയായതിനാൽ അവർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. മക്കളിൽ രണ്ടാമത്തെയാളാണ് ചാന്ദ്നി.

രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി. മലയാളം നന്നായി സംസാരിക്കും. നിറയെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe