ജയ്പൂർ: പൊലീസ്, ജയിൽ ഗാർഡ്, ഫോറസ്റ്റ് ഗാർഡ് റിക്രൂട്ട്‌മെന്‍റുകളിൽ അഗ്നിവീറുകൾക്ക് സംവരണം പ്രഖ്യാപിച്ച് രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ. കാർഗിൽ വാർഷിക ദിനാചരണത്തോട് അനുബന്ധിച്ചാണ് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ പ്രഖ്യാപനം നടത്തിയത്.
സംവരണത്തിലൂടെ നിയമനം നൽകി അഗ്നിവീറുകൾക്ക് സേവനം ചെയ്യാനുള്ള അവസരം സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജസ്ഥാനൊപ്പം മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ, ഗുജറാത്ത്, ഛത്തീസ്ഗഡ് സർക്കാരുകളും കാർഗിൽ ദിനത്തിൽ അഗ്നിവീറുകൾക്ക് സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, ഉത്തരാഖണ്ഡ് സർക്കാരുകൾ നേരത്തെ സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്.
കരസേനയിലേക്ക് ഏറ്റവും കൂടുതൽ സൈനികരെ റിക്രൂട്ട്മെന്‍റ് ചെയ്യുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. സംസ്ഥാനത്തെ ഷെഖാവതി മേഖലയിൽ നിരവധി സൈനിക കുടുംബങ്ങളാണ് താമസിക്കുന്നത്. ‘സൈനികരുടെ ഗ്രാമങ്ങൾ’ എന്നാണ് ഈ സ്ഥലങ്ങൾ അറിയപ്പെടുന്നത്.
നിരവധി സൈനികർ താമസിക്കുന്ന രാജസ്ഥാനിലെ ജുൻജനു, ശികാർ, ചുരു, ശ്രീ ഗംഗാനഗർ എന്നീ ജില്ലകളിൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടിരുന്നു.