ദില്‍വാലേ, പത്തര്‍ കേ ഫൂല്‍, ദുല്‍ഹേ രാജ തുടങ്ങിയ ചിത്രങ്ങളിലൂടെ തൊണ്ണൂറുകളിൽ ബോളിവുഡിൽ നിറഞ്ഞു നിന്ന താരമാണ് നടി രവീണ ടണ്ടൻ. വിവാഹ ശേഷം സിനിമ വിട്ട നടി ഒരു ഇടവേളക്ക് ശേഷം അഭിനയത്തിൽ സജീവമായിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിച്ച ആത്മഹത്യാ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് രവീണ. നടൻ അക്ഷയ് കുമാറുമായുള്ള ബന്ധം തകർന്നതിന് ശേഷം നടി ആത്മഹത്യക്ക് ശ്രമിച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് വാസ്തവമല്ലെന്നും താൻ സന്തോഷവതിയായിരുന്നെന്നും നടി ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അക്ഷയ് കുമാറുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷമുള്ള കോലാഹലങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ, ഇപ്പോൾ ചിരിവരുന്നുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി.’നമ്മുടെ ചുറ്റും ഒരുപാട് ബന്ധങ്ങൾ തകരുന്നു. ആളുകൾ വീണ്ടും മുന്നോട്ട് പോകുന്നുണ്ട്. സുഹൃത്തുക്കളായി തുടരുന്നുണ്ട്. നിങ്ങൾ മനസിലാക്കേണ്ട കാര്യം, ഞങ്ങൾക്ക് നല്ല പങ്കാളികളായി തുടരാൻ കഴിയില്ല, പക്ഷെനല്ല സുഹൃത്തുക്കളാണ്. അതിൽ എന്താണ് വലിയ കാര്യം? എനിക്ക് മനസിലായില്ല- രവീണ തുടർന്നു.
അക്ഷയ് കുമാറുമായുള്ള ബന്ധം വേർപിരിഞ്ഞത് മാധ്യമങ്ങൾ വലിയ ആഘോഷമാക്കി. എനിക്ക് ആ സമയത്ത് യാതൊരു പ്രശ്നവുമില്ലായിരുന്നു. എന്നാൽ മാധ്യമങ്ങൾ വലിയ ബഹളം ഉണ്ടാക്കി, കാരണം ആ ദിവസങ്ങളിൽ അവരുടെ മാസികകൾ വിറ്റുപോകാൻ ആഗ്രഹിച്ചു. പക്ഷേ വ്യക്തിപരമായി, എന്റെ കൂടെയുള്ളവർക്കാണ് ഞാൻ പ്രാധാന്യം കൊടുത്തത്. അവർ എന്തു ചിന്തിക്കുമെന്നതായിരുന്നു എനിക്ക് പ്രധാനം. ഒരു പരിധിക്കപ്പുറം, ആളുകൾ എന്ത് വിചാരിക്കുന്നു എന്നത് എനിക്ക് പ്രശ്നമല്ല- നടി പറഞ്ഞു
അന്നൊരു മാസികയിൽ ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് വാർത്ത വന്നിരുന്നു. അന്ന് മെനിഞ്ചൈറ്റിസ് ബാധിച്ച് ഞാൻ ആശുപത്രിയിലായിരുന്നു. അത് തെളിയിക്കാനുള്ള എല്ലാ രേഖകളും എന്റെ കൈയിലുണ്ടായിരുന്നു നടി കൂട്ടിച്ചേർത്തു
പട്‌ന ശുക്ലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രവീണയുടെ ചിത്രം. ഒ.ടി.ടി റിലീസായി മാർച്ച് 29 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രിമിങ് ആരംഭിച്ചിരിക്കുന്നത്. ഹോട്ട്സ്റ്റാർ അവതരിപ്പിച്ച കർമ കോളിങ് എന്ന വെബ്സീരീസിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.