അക്രമസമരം: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാൻഡ് ചെയ്തു

news image
Jan 9, 2024, 1:03 pm GMT+0000 payyolionline.in

തിരുവനന്തപുരം> സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ജനുവരി 22 വരെയാണ് രാഹുലിനെ റിമാൻഡ് ചെയ്തത്.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്നും രാവിലെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബറിൽ സെക്രട്ടറിയറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. പൊലീസിനു നേരെയടക്കം വ്യാപകമായ ആക്രമണമായിരുന്നു അഴിച്ചുവിട്ടത്. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. കേസിൽ എംഎൽഎമാരായ ഷാഫി പറമ്പിൽ, എം വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ ഒരു പ്രത്യേകതയുമില്ലെന്നും എല്ലാ കേസിലും നടക്കുന്ന കാര്യമാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ്‌ കമീഷണർ നാഗരാജു ചകിലം പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്‌താൽ ആരായാലും അറസ്‌റ്റ്‌ ചെയ്യും. അതിൽ രാഷ്ട്രീയം നോക്കില്ല. അറസ്റ്റ്‌ ധൃതിയിലായിരുന്നില്ല. തെളിവു ശേഖരിക്കുന്നതിനാണ്‌ മുൻഗണന നൽകിയത്‌. ക്രമസമാധാന പ്രശ്‌നമുണ്ടാകാത്ത നിലയിലാണ്‌ അറസ്‌റ്റിന്‌ തീരുമാനിച്ചത്‌. എവിടെവച്ചാണെങ്കിലും അറസ്‌റ്റു ചെയ്യാം. അതു പൊലീസാണ്‌ തീരുമാനിക്കുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe