ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചു; സ്പീക്ക‍ർ ഷംസീറിനെതിരെ എല്ലാ സ്റ്റേഷനിലും പരാതിയുമായി വിശ്വ ഹിന്ദു പരിഷത്ത്

news image
Jul 25, 2023, 10:57 am GMT+0000 payyolionline.in

തിരുവനന്തപുരം: ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് സ്പീക്കര്‍ എ എൻ ഷംസീറിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം. പല സ്റ്റേഷനുകളിലും ഇതിനകം പരാതികള്‍ നല്‍കി. കൂടാതെ, ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും വിശ്വ ഹിന്ദു പരിഷത്ത് നിവേദനം നൽകും.

30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ മറ്റ് പ്രതിഷേധ പരിപാടികളെ കുറിച്ച് തീരുമാനമെടുക്കും. സ്പീക്കർ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്ന് പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഉണ്ടായതെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ പറഞ്ഞു. സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഷംസീറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവ് ആണ് കമ്മിഷണർക്ക് പരാതി നൽകിയത്. ഗണപതി എന്ന ഹൈന്ദവ ആരാധനാമൂർത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീർ പ്രസംഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. യുക്തിചിന്ത വളർത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് സ്പീക്കര്‍ ചെയ്യുന്നതെന്നും ബിജെപി നേതാവിന്‍റെ പരാതിയിൽ ആരോപിക്കുന്നുണ്ട്.

സ്പീക്കറുടെ പ്രസംഗം ഹിന്ദുമത വിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിച്ചു. ഇസ്‍ലാം മതവിശ്വാസിയായ ഷംസീർ, ഹിന്ദു ദേവതാ സങ്കൽപ്പങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ഹിന്ദു മതത്തെയും ഹിന്ദു മത വിശ്വാസികളെയും പൊതുമധ്യത്തിൽ അവഹേളിക്കുവാനും മത വിദ്വേഷം പ്രചരിപ്പിക്കാനുമാണെന്നും പരാതിയിൽ ആരോപിക്കുന്നു.

ഇതിനിടെ ഷംസീര്‍ പരസ്യമായി ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിട്ടുള്ളത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞു.

വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറ‌ഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe