ഹരജികളിൽ ഇനി കക്ഷികളുടെ ജാതിയോ മതമോ പരാമർശിക്കരുതെന്ന് സുപ്രീംകോടതി

news image
Jan 29, 2024, 12:01 pm GMT+0000 payyolionline.in

ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ സമർപ്പിക്കപ്പെടുന്ന ഹരജികളിൽ പരാതിക്കാരന്‍റെ ജാതിയോ മതമോ പരാമർശിക്കരുതെന്ന് സുപ്രീംകോടതി. നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഉത്തരവിന്‍റെ പകർപ്പ് ബന്ധപ്പെട്ട രജിസ്ട്രാർമാർക്ക് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഇതോടെ എല്ലാ ഹൈകോടതികളിലെയും രജിസ്ട്രാർ ജനറൽമാർക്ക് പകർപ്പ് ഉടൻ കൈമാറും.

ഒരു ദമ്പതിമാർക്കിടയിലെ കുടുംബ തർക്ക ഹരജി കേൾക്കവെ ജസ്റ്റിസ് ഹിമ കോഹ്‌ലിയും അഹ്സനുദ്ദീൻ അമാനുല്ലയുമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മെമ്മോയിൽ കക്ഷികളുടെ ജാതി പരാമർശിച്ചത് കണ്ട് ജഡ്ജിമാർ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. വ്യവഹാരക്കാരന്‍റെ ജാതി പരാമർശിക്കുന്ന ഇത്തരം സമ്പ്രദായം ഒഴിവാക്കണമെന്നും നിർത്തണമെന്നും കോടതി പറഞ്ഞു.

ഈ കോടതിയിലോ താഴെയുള്ള കോടതികളിലോ ഏതെങ്കിലും വ്യവഹാരക്കാരന്‍റെ ജാതി /മതം പരാമർശിക്കുന്നതിന് കാരണമൊന്നും കാണുന്നില്ല. അത്തരമൊരു സമ്പ്രദായം ഒഴിവാക്കേണ്ടതും ഉടനടി അവസാനിപ്പിക്കേണ്ടതുമാണ് -കോടതി വ്യക്തമാക്കി.

വിധിയുടെ തലക്കെട്ടിൽ കക്ഷിയുടെ ജാതിയോ മതമോ പരാമർശിക്കുന്ന ചില വിചാരണ കോടതികളുടെയും ഹൈക്കോടതികളുടെയും സമ്പ്രദായത്തെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ജസ്റ്റിസ് അഭയ് എസ്.എയുടെ നേതൃത്വത്തിലെ ബെഞ്ച് വിമർശിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe