ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്, ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

news image
Nov 24, 2023, 11:17 am GMT+0000 payyolionline.in

എറണാകുളം: സംസ്ഥാനത്തെ  ഹയർ സെക്കന്‍ററി  വരെയുള്ള  വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല.എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ്  പി.കെ നവാസിന്‍റെ  ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്.

 നവകേരളസദസ്സിലേക്കു ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്ന്  സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യെക്തമാക്കിയത്. മാത്രമല്ല കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും എന്നും സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു.  അതോടൊപ്പം തന്നെ നവകേരള സദസ്സിനു ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടു നൽകണം എന്നു നിർദേശം നൽകിയ  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടനെ പിൻവലിക്കും എന്നും സർക്കാർ കോടതിക്കു ഉറപ്പ് നൽകി.

മേൽപറഞ്ഞ ഉത്തരവ് ചോദ്യം ചെയ്തു കാസർഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഹർജ്ജി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe