സ്റ്റാൻഡിൽ തൂണിനും ബസിനും ഇടയില്‍പെട്ട് പാലക്കാട് വിദ്യാര്‍ത്ഥിയുടെ മരണം: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും 6 മാസം തടവ്

news image
Aug 29, 2024, 3:19 pm GMT+0000 payyolionline.in

പാലക്കാട്: ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസ്സിനും ഇടയില്‍ പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തടവും പിഴയും. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചത്. 2014 ഫെബ്രുവരിയില്‍ പാലക്കാട് ഗവ പോളിടെക്‌നിക്കിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി വിപിന്‍ ബാലകൃഷ്ണന്‍ മരിച്ച കേസിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍ അനിതയുടെ വിധി.

ഡ്രൈവര്‍ മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ചോലക്കല്‍ മുഹമ്മദാലി, കണ്ടക്ടര്‍ മലപ്പുറം പുഴങ്ങാട്ടിരി പാതിരിമന്ദം കക്കാട്ടില്‍ ഹാരിസ് ബാബു എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. മുഹമ്മദാലിയെ ആറര മാസം തടവിനും 11000 രൂപ പിഴയ്ക്കും പിഴയൊടുക്കാത്ത പക്ഷം ഒരുമാസം തടവിനും ശിക്ഷിച്ചു. ഫാരിസ് ബാബുവിന് ആറുമാസം തടവ്, 10000 രൂപ പിഴ, പിഴയടയ്ക്കാത്തപക്ഷം 20 ദിവസം തടവിനും ശിക്ഷിച്ചു. പിഴ സംഖ്യയില്‍ നിന്ന് 20,000 രൂപ വിദ്യാര്‍ത്ഥിയുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കും.

പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎല്‍ 58 സി 3986 നാസ് ആന്‍ഡ് കോ ബസിന്റെ പിന്‍വാതിലൂടെ വിപിന്‍ കയറുമ്പോള്‍ കണ്ടക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തതിന് തുടര്‍ന്നാണ് തൂണിനിടയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടീവ് വിജി ബിസി ഹാജരായി. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ കെഎം ബിജു, ആര്‍ ഹരിപ്രസാദ് എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe