തിരുവനന്തപുരം > മികച്ച ബാല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പട്ടം ഗവ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എ തന്മയ സോളിനെ പൊതുവിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി സ്കൂളിലെത്തി അനുമോദിച്ചു. തന്മയയ്ക്ക് മന്ത്രി ഉപഹാരവും കൈമാറി.
വഴക്ക് എന്ന ചിത്രത്തിലൂടെ അരക്ഷിതവും സംഘർഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവാണ് തന്മയയെ അവാർഡിന് അർഹയാക്കിയത്. ചലച്ചിത്ര താരം ടൊവിനൊ തോമസ് നിർമ്മിച്ച് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സിനിമയാണ് വഴക്ക്.
ശനി രാവിലെ 9.30നാണ് ആദരിക്കൽ ച്ചടങ്ങ് നടന്നത്. തന്മയുടെ അച്ഛൻ അരുൺ സോൾ, അമ്മ ആശാ പ്രിയദർശിനി, മുത്തച്ഛൻ കുട്ടപ്പൻ, സഹോദരി തമന്ന സോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കഴക്കൂട്ടം ചന്തവിള സ്വദേശിയായ തന്മയ. മുമ്പ് ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചത് ഒഴിച്ചാൽ സിനിമയിൽ ആദ്യമായാണ് ഒരു വേഷം ചെയ്യുന്നത്.
പ്രിൻസിപ്പാൾ ഡോ കെ ലൈലാസ്, വൈസ് പ്രിൻസിപ്പാൾ വിൽസൺ, പി റ്റി എ പ്രസിഡൻ്റ് രശ്മി ശിവകമാർ, വൈസ് പ്രസിഡൻ്റ് സുധീർ, എസ് എം സി ചെയർമാൻ അജിത്കുമാർ, ജനറൽ സ്റ്റാഫ് സെക്രട്ടറി ബിജുകുമാർ, മഞ്ജു സി നായർ, പ്രദീപ്, സ്വാതി ഭദ്രൻ ,ജോളി ജോസ്ഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.