കൊച്ചി: വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് നിര്‍ത്തിവയ്ക്കും. വ്യാഴാഴ്ച മുതൽ മലയാള സിനിമ റിലീസ് ചെയ്യില്ലെന്നാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കിയത്. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിര്‍മ്മാതാക്കള്‍ ഒടിടിക്ക് നല്‍കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് റിലീസ് നിര്ത്തിവെയ്ക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി. 42 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ OTTയിൽ നൽകുകയുള്ളു എന്ന ധാരണ പലരും തെറ്റിച്ചു.
റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണം. ബുധനാഴ്ചയ്ക്കം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക് അറിയിച്ചു. സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നു എന്നും ഫിയോക് ഭാരവാഹികള്‍ ആരോപിച്ചു. ഫിയോകിന്റെ തീരുമാനം പുതിയ ചിത്രങ്ങളുടെ റീലിസ് പ്രതിസന്ധിയിലാക്കും. നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും. അതേസമയം, റിലീസ് നിർത്തിവെയ്ക്കും എന്ന് അറിയിച്ചിട്ടില്ല എന്ന് ഫിലിം ചേമ്പർ വ്യക്തമാക്കി.