വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം: നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതി, അന്വേഷണമുണ്ടാകും

news image
Jun 20, 2023, 5:11 am GMT+0000 payyolionline.in

ആലപ്പുഴ: നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. നിഖിൽ പാർട്ടി അം​ഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ വ്യക്തമാക്കി.

തെറ്റുതിരുത്തൽ നടപടി ശക്തമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സിപിഎം സംസ്ഥാന നേതൃത്വത്തെ നിരന്തരം വെട്ടിലാക്കുന്നതാണ് എസ്എഫ്ഐ ഉൾപ്പെട്ട വിവാദപരമ്പരകൾ. പുറത്ത് ന്യായീകരിക്കുന്ന പാർട്ടി നേതാക്കൾക്ക് എസ്എഫ്ഐയുടെ പോക്കിൽ അതൃപ്തിയുണ്ട്. സംഘടനാ സംവിധാനത്തിൽ പ്രായക്കുറവുള്ളവരെ പ്രതിനിധീകരിക്കുമ്പോഴും സിപിഎമ്മിന് തലയുയര്‍ത്തിപ്പിടിക്കാവുന്ന നേട്ടങ്ങൾ പലതുണ്ടാക്കിയ എസ്എഫ്ഐയാണ് സമീപകാലത്തെങ്ങുമില്ലാത്ത വിധം വിവാദങ്ങളുടെ പിടിയിലമരുന്നത്.

തിരുവനന്തപുരത്ത് അടക്കം ജില്ലാ നേതാക്കളുടെ വഴിവിട്ട നിലപാടുകൾ, നേതാക്കൾ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ലഹരി വിവാദങ്ങൾ. പ്രായപരിധിയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങൾ. എല്ലാം ഉണ്ടാക്കിയ ചീത്തപ്പേരിൽ നിന്ന് എസ്എഫ്ഐയെ കരകയറ്റാൻ നേതൃത്വം പാടുപെടുന്നതിനിടെയാണ് വ്യാജരേഖ നിര്‍മ്മിതിയെന്ന വിവാദത്തിൽ സംഘടനാ നേതാക്കൾ കൂട്ടത്തോടെ കൂപ്പുകുത്തുന്നത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടവും വ്യാജരേഖ വിവാദവും ഉണ്ടാക്കിയ ക്ഷീണം മാറുന്നതിന് മുൻപെ മഹാരാജാസ് വിവാദം.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് എസ്എഫ്ഐ നേതാവ് കെ വിദ്യ ഹാജരാക്കിയ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസായി, കെ വിദ്യ ഒളിവിൽ പോയി, എഴുതാത്ത പരീക്ഷ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്കുലിസ്റ്റും വിവാദമായി. ഏറ്റവും ഒടുവിലാണ് കായംകുളം എംഎസ്എം കോളേജിലെ നിഖിൽ തോമസിന്റെ ഡിഗ്രി വിവാദം. നിഖിലിനെ പൂർണ്ണമായും ന്യായീകരിച്ച എസ്എഫ്ഐ നേതൃത്വത്തെ വെട്ടിലാക്കിയാണ് കലിംഗ സർവ്വകലാശാലയുടെ വിശദീകരണം.

നിഖിലിന്റെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകിയ എസ്എഫ്ഐ നടപടിയാണ് പ്രശ്നം കൂടുതൽ തിരിച്ചടിയായെതെന്ന നിലപാട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. ഇതുവരെ തരാതരം പോലെ ആരോപണ വിധേയരെ കൈവിട്ടും ന്യായീകരിച്ചുമായിരുന്നു പാർട്ടിയുടെ പ്രതിരോധം. പുറത്ത് ഇനിയും സംഘടനയെ തള്ളിപ്പറയില്ലെങ്കിലും എസ്എഫ്ഐയുടെ ഈ പോക്കിൽ പാർട്ടിയിൽ അസ്വസ്ഥതയുണ്ട്. ശുദ്ധികലശത്തിന് എന്ത് നടപടിയെടുക്കുമെന്നാണ് അറിയേണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe