വിയ്യൂർ സെൻട്രൽ  ജയിലിലെ തടവുകാരനില്‍ നിന്ന് ഫോണ്‍ പിടികൂടി

news image
Jun 20, 2024, 2:20 pm GMT+0000 payyolionline.in

തൃശൂർ: ഒരു ഇടവേളയ്ക്ക് ശേഷം വിയൂരിലെ സെൻട്രൽ  ജയിലിലെ തടവുകാരനില്‍ നിന്ന് ഫോണ്‍ പിടികൂടി. വിവിധ മയക്കുമരുന്ന് കടത്ത്  കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവില്‍ കഴിയുന്ന മട്ടാഞ്ചേരി സ്വദേശി അനീഷിന്റെ പക്കല്‍ നിന്നാണ് ഫോണ്‍ പിടിച്ചത്. ഡി ബ്ലോക്കിലെ 29-ാം നമ്പര്‍ സെല്ലിലായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം വൈകിട്ട്  സന്ദര്‍ശന സമയം കഴിഞ്ഞ തടവുക്കാരെ സെല്ലുകളിലേക്ക് മാറ്റിയതിനെ ശേഷമുള്ള പരിശോധനയില്‍ ആണ് ഫോണ്‍ കണ്ടെത്തിയത്.

ജയില്‍ ജീവനക്കാരുടെ കണ്ണില്‍ പെടാതെ ഇരിക്കാന്‍ ഫോണ്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ജയില്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ഫോണിലെ സിം കണ്ടെടുക്കുവാന്‍ സാധിച്ചിട്ടില്ല. എറിഞ്ഞ് കളഞ്ഞു എന്നാണ്  മൊഴി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വിയ്യൂര്‍ പൊലീസില്‍ ജയില്‍ അധിക്യതര്‍ പരാതി നല്‍കി. ഫോണില്‍  അവസാനം വിളിച്ചവരുടെ നമ്പറുകള്‍ നോക്കിയെങ്കിലും വ്യക്തത വന്നിട്ടില്ല. മുമ്പും ഇയാളില്‍ നിന്ന് ജയിലില്‍ വെച്ച്  ഫോണ്‍ പിടികൂടിയിട്ടുണ്ട്.

മയക്കുമരുന്ന് കേസുകളില്‍ പെട്ട ക്വട്ടേഷന്‍ സംഘാംഗം കൂടിയാണ് ഇയാള്‍. ഇതിനിടെ  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഫോണ്‍ പിടികൂടിയ സംഭവത്തില്‍ പിടിയില്‍ ആയ മൂന്ന് പേരെ വിയ്യൂര്‍ ജയിലേക്ക്   മാറ്റിയിരുന്നു. ഇതില്‍ ഒരാള്‍  ഇയാളുടെ സഹ തടവുക്കാരന്‍  ആണ്. കെവിന്‍ വധക്കേസ് പ്രതിയുടെ ബ്ലോക്കിൽ നടത്തിയ പരിശോധനയില്‍ മുമ്പ് സമാര്‍ട്ട് ഫോണ്‍ ലഭിച്ചിരുന്നു. മുന്‍പ് വിയ്യൂര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്ന് ഫോണുകള്‍ പിടികൂടിയിരുന്നു.

അന്ന് നടത്തിയ പരിശോധനയില്‍ ഒരു ഫോണില്‍ നിന്ന് മാത്രം 500 ഓളം  കോളുകള്‍ പോയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ടി പി വധകേസിലെ  പ്രതിയായിരുന്ന  കൊടി സുനി,  മരട് ഫ്‌ളാറ്റിലെ കൊലക്കേസിലെ പ്രതി റഷീദ് എന്നിവരില്‍ നിന്നും ഫോണ്‍ കണ്ടെത്തിയിരുന്നു  ജയിലില്‍ കിടന്ന് പല ക്വട്ടേഷനുകളും പ്രതികള്‍ നടത്തിയതായി കണ്ടെത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.

2019 ല്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്ന യതീഷ് ചന്ദ്രയുടെ നേത്വത്വത്തില്‍  120  പൊലീസുകാര്‍ നടത്തിയ റെയ്ഡില്‍  ടി പി വധക്കേസിലെ  പ്രതിയായ  ഷാഫിയുടെ കൈയില്‍ നിന്നും  രണ്ട്  ഫോണ്‍ അടക്കം  അന്ന്  നിരവധി  ഫോണുകളും കഞ്ചാവും  സിം കാര്‍ഡുകളും ജയിലില്‍  കണ്ടെത്തിയിരുന്നു.  ആ സംഭവത്തിലെ തുടര്‍ അന്വേഷണവും  എങ്ങും എത്തിയില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe