തിരുവനന്തപുരം> വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളമെന്നും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല പുരോഗതിയുടെ പാതയിലാണെന്നും നയപ്രഖ്യപന പ്രസംഗത്തിൽ പ്രശംസ. പൊതു വിദ്യാലയങ്ങളിൽ നിരവധി പുതിയ കെട്ടിടങ്ങൾ ഇതിനകം സർക്കാർ നിർമ്മിച്ചിട്ടുണ്ട്. ഓൺലൈൻ ഹൈടെക് വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ, കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട്, യൂണിസെഫിന്റെ അന്താരാഷ്ട്ര റിപ്പോർട്ടിൽ കേരളത്തിന് ഒരു പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതി നിലനിർത്തി പോകുന്നതിനും, സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും, സൗജന്യ യൂണിഫോമുകളും നൽകുന്നതിനും സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.
ദേശീയ സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണങ്ങൾ പുരോഗമിക്കവേ, 6 മുതൽ 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങൾ NCERT നീക്കം ചെയ്തിട്ടുണ്ട്. NCERT നീക്കംചെയ്ത പ്രധാന ഭാഗങ്ങളിൽ, മുഗൾ ചരിത്രവും ഇന്ത്യയുടെ വിഭജനവും, മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതി, അടിയന്തിരാവസ്ഥ, ഇന്ത്യയിലെ ജനകീയ പോരാട്ടങ്ങൾ, ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥിതികളും ജാതി സമ്പ്രദായവും ഉൾപ്പെടുന്നതാണ്. ആയതിനാൽ, കുട്ടികളിൽ യഥാർത്ഥ ചരിത്രപരവും സാമൂഹ്യവുമായ അവബോധം ഉറപ്പാക്കുന്നതിനായി ഹ്യൂമാനിറ്റീസിൽ കേരളം കൂടുതൽ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് വിഷയങ്ങളിൽ, കൂടുതലായി ആറ് പാഠപുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
13,000 ൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത് ആർട്ട് ഫെസ്റ്റിവൽ ആയ കേരള സ്കൂൾ കലോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുവാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. കായികമേള, സ്പെഷ്യൽ ആർട്ട് ഫെസ്റ്റിവൽ, ശാസ്ത്രമേള എന്നിവയും മികച്ച രീതിയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തവണ ദേശീയ സ്കൂൾ കായിക മേളയിൽ സീനിയർ അത്ലറ്റിക്സ് വിഭാഗത്തിൽ കേരളം ചാമ്പ്യനായിയെന്നതും എടുത്തു പറയേണ്ടതാണ്.
വിദ്യാഭ്യാസത്തിൽ, ഭിന്നശേഷി കുട്ടികൾക്ക് പ്രാപ്യമാകുന്ന ശുചിമുറികൾ, സ്കൂളുകളിൽ ‘ഓട്ടിസം പാർക്കുകൾ’ നിർമ്മിക്കൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിലാണ് എന്റെ സർക്കാർ അങ്ങേയറ്റം ശ്രദ്ധ പതിപ്പിക്കുന്നത്. 2024-2025 ലെ പുതിയ സംരംഭങ്ങളിൽ ‘എഫിഷ്യന്റ്റ് വേസ്റ്റ് മാനേജ്മെന്റ് ഇൻ സ്കൂൾസ്’, ‘എംപവറിഗ് ഗേൾസ് ത്രൂ മെൻസ്ട്രൂവൽ ഹൈജീൻ’, ‘സപ്പോർട്ട് ഫോർ എക്സ്ട്രീമിലി പുവർ ചിൽഡ്രൻ’ എന്നിവ ഉൾപ്പെടുന്നുവെന്നും നയപ്രഖ്യാപനത്തിൽ പരാമർശിച്ചു.