വടകരയില്‍ കാരവനിലെ രണ്ട് മൃതദേഹം കണ്ടെത്തൽ: നാട് നടുങ്ങി

news image
Dec 24, 2024, 4:42 am GMT+0000 payyolionline.in

വടകര: ദേശീയപാതയിൽ കാരവനിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കരിമ്പനപാലം കെ.ടി.ഡി.സിയുടെ ആഹാർ റസ്റ്റാറന്റിന് സമീപത്തായി നിർത്തിയിട്ട വാഹനത്തിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടത്. കാരവൻ വാഹനം ഞായറാഴ്ച രാത്രി ഇവിടെ നിർത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ സമീപത്തുള്ള ഒരാൾക്ക് ഫോൺ കോളിലൂടെ വാഹനത്തെക്കുറിച്ചുള്ള അന്വേഷണം എത്തിയപ്പോഴാണ് നാട്ടുകാർ വാഹനത്തിനടുത്ത് എത്തി പരിശോധന നടത്തിയത്. പരിശോധനയിൽ ഡോറിന് സമീപത്തായി ഒരാൾ കിടക്കുന്നനിലയിലാണ് ആദ്യം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരാൾ വാഹനത്തിന്റെ ബർത്തിലും മരിച്ചുകിടക്കുന്നനിലയിൽ കണ്ടത്.

 

സൈഡ് ഗ്ലാസ് മാത്രമുള്ള എയർകണ്ടീഷൻ ചെയ്ത വാഹനമാണിത്. എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം കാണുമ്പോള്‍ എ.സി ഓണായനിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ട്. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുകയാണ്. ഭക്ഷണം കഴിച്ചശേഷം വാഹനത്തിൽ കിടന്ന് ഉറങ്ങിപ്പോയതാവാനാണ് സാധ്യത. ശ്വാസതടസ്സമനുഭവപ്പെട്ട് രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ വാതിലിനടുത്ത് എത്തിയതാകാം ഒരാളെന്നാണ് നിഗമനം.

 

വാഹനത്തിന്റെ ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ് (27), കണ്ണൂർ പറശ്ശേരി തട്ടുമ്മൽ ജോയൽ (26) എന്നിവരെയാണ് വാഹനത്തിനുള്ളിൽ തിങ്കളാഴ്ച രാത്രി എ​ട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചവരുടെ ബന്ധുക്കളെയും വാഹനത്തിന്റെ ഉടമസ്ഥരെയും വിവരം അറിക്കുകയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ചൊവ്വാഴ്ച വിശദമായ പരിശോധന നടത്തും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe