കാസർകോട്: റിയാസ് മൗലവി വധത്തിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധി ആർ.എസ്.എസുമായി നടത്തിയ ഒത്തുകളിയുടെ പരിണിത ഫലമാണെന്നും ഈ വിധിക്കെതിരെ സർക്കാർ തന്നെ അപ്പീൽ നൽകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
ആർ.എസ്.എസുകാർ പ്രതികളായ കേസുകളിൽ പ്രതികൾ ശിക്ഷക്കപ്പെടാതെ പോകുന്നത് ആദ്യമായിട്ടല്ല. സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും മദ്യലഹരിയിൽ പ്രതികൾ ചെയ്തു പോയതാണെന്നും സ്ഥാപിക്കാൻ അന്ന് തന്നെ അന്വേഷണ സംഘം ശ്രമിച്ചിരുന്നു. പ്രതികൾക്കനുകൂലമായ വിധി ഉണ്ടാകുന്നതിന് ഇത് പ്രധാന കാരണമായിട്ടുണ്ട്. ഹിന്ദുത്വ തീവ്രവാദം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു കേസ് ആയിരുന്നിട്ടു പോലും കൃത്യം ചെയ്ത മൂന്നു പേരിൽ മാത്രം കേന്ദ്രീകരിച്ച് കേസിനെ ദുർബലമാക്കുകയാണ് അന്വേഷണ സംഘം ചെയ്തത്. അതിന്റെ സ്വാഭാവിക പരിണിതിയാണ് വിചാരണയിൽ കണ്ടത്. കേരളത്തിലെ ആഭ്യന്തര വകുപ്പും ഇടത് സർക്കാരും ഇങ്ങനെ ഒരു വിധി ഉണ്ടായതിന് ഉത്തരവാദികളാണ്.
ആർ.എസ്.എസുകാർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളിൽ കോടതികളിൽനിന്ന് അവർക്കനുകൂലമായ വിധികൾ വരുന്നത് സ്വാഭാവികമാണെന്ന് കരുതാനാവില്ല. ആലപ്പുഴയിലെ കേസിൽ കൂട്ട വധശിക്ഷ വിധിച്ച അസ്വാഭാവിക ഉത്തരവ് ഈ അടുത്താണ് വന്നത്. എന്നാൽ ആർ.എസ്.എസ് ക്രിമിനലുകൾ പ്രതികളായി വരുന്ന കേസുകളിൽ കീഴ്ക്കോടതികൾ പ്രതികളെ വെറുതെ വിടുകയോ ലഘുവായ ശിക്ഷ പുറപ്പെടുവിക്കുകയോ ആണ് ചെയ്യുന്നത്. ഇത് കോടതികളുടെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്.
റിയാസ് മൗലവിയുടെ കുടുംബത്തോടൊപ്പം വെൽഫെയർ പാർട്ടി അടിയുറച്ച് നിൽക്കുന്നുവെന്നും നിയമപോരാട്ടങ്ങൾക്ക് പാർട്ടിയുടെ മുഴുവൻ പിന്തുണയും തുടർന്നും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.