മോസ്കോ: യുക്രൈൻ സംഘർഷത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയയിൽ നിന്നുള്ള സൈനികർ എത്തി. റഷ്യയിലെ കുർസ്ക് മേഖലയിൽ ഉത്തര കൊറിയൻ സൈനികരെ കണ്ടതായി യുക്രൈൻ സൈനിക രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. റഷ്യയുടെ വിവിധ ഭാഗങ്ങളിലായി ഇവർ പരിശീലനം നടത്തുന്നതായാണ് റിപ്പോർട്ട്. ഏകദേശം 12,000 ഉത്തര കൊറിയൻ സൈനികർ റഷ്യയുടെ കിഴക്കൻ മേഖലയിലുള്ള അഞ്ച് മിലിട്ടറി ട്രെയിനിംഗ് ഗ്രൗണ്ടുകളിൽ പരിശീലനം നേടുന്നുണ്ടെന്നാണ് യുക്രൈൻ ആരോപിച്ചിരിക്കുന്നത്.
6,000 പേർ വീതമുള്ള രണ്ട് ബ്രിഗേഡുകളിൽ 500 ഓഫീസർമാരും മൂന്ന് ജനറൽമാരും ഉൾപ്പെടുന്നുണ്ടെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തര കൊറിയൻ സൈനിക വിന്യാസത്തെക്കുറിച്ചുള്ള ആരോപണങ്ങൾ റഷ്യ ആദ്യം തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, വ്യാഴാഴ്ച നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഉത്തര കൊറിയൻ സൈനികരെ രാജ്യത്തേക്ക് അയച്ച കാര്യം നിഷേധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഉത്തര കൊറിയൻ സൈനികർ റഷ്യയിൽ സൈനികാഭ്യാസം നടത്തുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഉത്തര കൊറിയയുടെ സൈന്യത്തെ റഷ്യയ്ക്ക് വേണ്ടി യുദ്ധത്തിന് അയച്ചാൽ യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയയുടെ നടപടികൾക്ക് മറുപടിയായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടെ യുക്രൈനിലേയ്ക്ക് അയയ്ക്കുന്നത് പരിഗണിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചതായി യുക്രൈനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.