ഹൈദരാബാദ്: പി സി സി അധ്യക്ഷൻ രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ മറ്റന്നാൾ നടത്താനും തീരുമാനമായിട്ടുണ്ട്. ഉപമുഖ്യമന്ത്രി, മന്ത്രിമാർ ആരൊക്കെ എന്നതിൽ നാളെ തീരുമാനമാകും. കോൺഗ്രസിനെ തെരഞ്ഞെടുത്ത ജനങ്ങൾക്ക് നന്ദി അറിയിച്ച കെ സി വേണുഗോപാൽ, സർക്കാർ വാഗ്ദാനങ്ങൾ എല്ലാം പാലിക്കുമെന്നും വ്യക്തമാക്കി.
തെലങ്കാനയിൽ രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാൻ ദില്ലിയിൽ ചേർന്ന ഹൈക്കമാൻഡ് യോഗത്തിലാണ് തീരുമാനിച്ചത്. 64 ല്‍ 54 എം എല്‍ എമാരുടെ പിന്തുണയും രേവന്ത് റെഡ്ഡിക്കാണ് കിട്ടിയത്. മല്ലു ഭട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. ദളിത് , സ്ത്രീ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉറപ്പാക്കാനും തീരുമാനമായിട്ടുണ്ട. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ദില്ലിയിലെ വസതിയിൽ രാവിലെ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, ഡി കെ ശിവകുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തിരുന്നു.
അതേസമയം രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വസുന്ധര രാജ സിന്ധ്യക്കാണ് കൂടുതൽ സാധ്യതയെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തി അറിയിച്ച് വസുന്ധര ക്യാമ്പ് ബി ജെ പി നേതൃത്വത്തോട് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വ്യക്തമായ മുൻതൂക്കമാണ് ചൂണ്ടികാട്ടിയിട്ടുള്ളത്. 70 എം എൽ എമാരുടെ പിന്തുണയെന്നാണ് വസുന്ധര രാജ സിന്ധ്യയുടെ പ്രധാന അനുയായി കാളി ചരൺ സറഫ് ചൂണ്ടികാട്ടിയത്. വസുന്ധര തന്നെ മുഖ്യമന്ത്രിയാകണമെന്നും സറഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ സി പി ജോഷിക്ക് പിന്തുണയുമായി 15 എം എൽ എമാരാണ് രംഗത്തുള്ളതെന്നാണ് വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബി ജെ പി ദേശീയ നേതൃത്വമാകും കൈക്കൊള്ളുക. അതേസമയം ഛത്തീസ്ഗഡിലാകട്ടെ വനിത മുഖ്യമന്ത്രിയുടെ സാധ്യതയും ബി ജെ പി ദേശീയ നേതൃത്വം പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.