തൊടുപുഴ: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തൊടുപുഴ നഗരപരിധിയിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡും തൊടുപുഴ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഹോട്ടലുകളിലെ ശുചിത്വം, മാലിന്യ സംസ്‌കരണം, അജൈവപാഴ് വസ്തുക്കള്‍ കൈമാറ്റം എന്നിവ സംബന്ധിച്ചും വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് കണ്ടുപിടിക്കുന്നതിനും നിയമടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയതെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്ക് 25000 രൂപ വീതം പിഴയും, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്ക് 10,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കി. 59 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 13 സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയത് കണ്ടെത്തി. നാല് സ്ഥാപനങ്ങളില്‍ നിന്നും മാലിനജലം പൊതു ഇടങ്ങളിലേക്ക് ഒഴുക്കിവിടുന്നത് കണ്ടെത്തി. ഇവയ്ക്ക് 1,85,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. 15 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ആണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.